അഫ്ഗാനിൽ കീഴടങ്ങിയ ഐസിസ് സംഘത്തിൽ സോണിയ സെബാസ്റ്റിയൻ എന്ന അയിഷയും? സംശയവുമായി അന്വേഷണ ഏജൻസികൾ

ചെന്നൈ: അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയ ഐഎസ് ഭീകരരുടെ സംഘത്തിൽ മലയാളികളും. കീഴടങ്ങിയവരുടെ കൂട്ടത്തിൽ കാസർകോട് സ്വദേശി സോണിയ സെബാസ്റ്റ്യനെന്ന അയിഷയും ഉള്ളതായി റിപ്പോർട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഫോട്ടോ കണ്ട് അയിഷയെ തിരിച്ചറിഞ്ഞുവെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവശ്യയായ നാങ്ഗറിലാണ് 900 പേരടങ്ങുന്ന ഐഎസ് സംഘം കീഴടങ്ങിയിരിക്കുന്നത്. ഇവരിൽ 10 പേർ ഇന്ത്യക്കാരാണെന്നും ഭൂരിഭാഗം പേരും മലയാളികളാണെന്നുമാണ് വിവരം.

ഐഎസിൽ ചേരാനായി വിദേശത്തേക്ക് പാലായനം ചെയ്തവരുടെ കൂട്ടത്തിൽ അയിഷയും ഉണ്ടെന്നായിരുന്നു വിവരം. 2016-ൽ അയിഷയുടെ ഭർത്താവ് തൃക്കരിപ്പൂർ സ്വദേശി റാഷിദാണ് കേരളത്തിൽ നിന്നും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത്. റാഷിദിന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് ഇന്ത്യയിൽ നിന്നും കടന്നത്. സോണിയ സെബാസ്റ്റ്യൻ എന്ന അയിഷയെ വിവാഹം ചെയ്ത റാഷിദ് കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപകനായിരിക്കെ സഹപ്രവർത്തകയായ ബിഹാർ സ്വദേശി യാസ്മിനെ രണ്ടാം ഭാര്യയാക്കിയിരുന്നു. 2016 മെയ് 31-ന് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്ക് വിമാനം കയറി. രാജ്യം വിടുമ്പോൾ അയിഷ മൂന്ന് മാസം ഗർഭിണിയായിരുന്നു. പിന്നീട് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ജൂണിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ റാഷിദ് കൊല്ലപ്പെട്ടതായി നാട്ടിലുള്ളവർക്ക് സന്ദേശം ലഭിച്ചിരുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനിൽ ഭീകരർ കീഴടങ്ങിയെന്ന വാർത്തയ്ക്ക് പിന്നാലെ എൻഐഎ ഉദ്യോഗസ്ഥർ തൃക്കരിപ്പൂരിലെത്തി ഐഎസിൽ ചേർന്നു എന്ന് സംശയിക്കുന്നവരുടെ ബന്ധുക്കൾക്ക് ഇവർ പലരുടേയും ഫോട്ടോകൾ കാണിച്ചെങ്കിലും ആരേയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കൂടുതൽ വിവരങ്ങളൊന്നും നാട്ടുകാർക്ക് ലഭിച്ചിട്ടുമില്ല.

Exit mobile version