കൊച്ചി: ടൂറിസ്റ്റ് ബസില്‍ കൊച്ചുകുട്ടിയെ കൊണ്ട് ഗിയര്‍ മാറ്റിച്ച് വണ്ടി ഓടിച്ച ഡ്രൈവര്‍ക്ക് പണി കൊടുത്ത് കേരളാ പോലീസ്. ചങ്ങനാശ്ശേരി സ്വദേശി കെവി സുധീഷിന്റെ ലൈസന്‍സാണ് തെറിച്ചത്. ആറുമാസത്തേയ്ക്കാണ് ആര്‍ടിഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. സംഭവം പോലീസ് തങ്ങളുടെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. എത്ര കിട്ടിയാലും പഠിക്കില്ലാന്നു വെച്ചാ ന്താ ചെയ്ക എന്ന് ചോദിച്ചുകൊണ്ടാണ് പോലീസ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.
മല്ലപ്പള്ളി റൂട്ടില്‍ വണ്ടി ഓടുന്നതിനിടെ കുട്ടിയെ ബോണറ്റില്‍ ഇരുത്തിയായിരുന്നു ഡ്രൈവറുടെ അതിസാഹസം. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെയാണ് പത്തനംതിട്ട ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനു പിന്നാലെയാണ് നടപടി കൈകൊണ്ടത്.
റോഡില്‍ വണ്ടി ഇറക്കിയില്ലെന്നും ഗ്രൗണ്ടിലൂടെയാണ് വണ്ടി ഓടിച്ചതെന്നുമാണ് സംഭവത്തില്‍ ഡ്രൈവര്‍ നല്കുന്ന വിശദീകരണം. എന്നാല്‍, റോഡിലൂടെയാണ് വാഹനം ഓടിച്ചതെന്ന് മല്ലപ്പള്ളി ജോയിന്റ് ആര്‍ടിഒ റിപ്പോര്‍ട്ട് നല്കി. വീഡിയോയിലെ ദൃശ്യങ്ങളില്‍ നിന്ന് വാഹനം മൈതാനത്തിലൂടെയല്ല ഓടുന്നതെന്ന് ആര്‍ടിഒയുടെ പരിശോധനയിലും ബോധ്യപ്പെട്ടു. ശേഷം ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.
Discussion about this post