കൊച്ചി: ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന തള്ളി ബിന്ദു അമ്മിണി. തങ്ങളുടെ വരവില്‍ ഗൂഢാലോചന ഉണ്ടെന്ന് പറയുന്നത് നിഷേധിക്കുന്നുവെന്ന് ബിന്ദു അമ്മിണി പറഞ്ഞു.
തനിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ബിന്ദു, സംരക്ഷണം നല്‍കേണ്ടത് പോലീസാണെന്നും ഇല്ലെങ്കില്‍ സംയുക്തമായി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുമെന്നും ബിന്ദു പറഞ്ഞു.
ശബരിമല സന്ദര്‍ശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് പിന്നില്‍ ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന സംശയിക്കുന്നതായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമലയിലെ സമാധാനപരമായ തീര്‍ത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘സുപ്രീം കോടതി വിധിയില്‍ അവ്യക്തത മാറ്റാന്‍ വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. വേണമെങ്കില്‍ തൃപ്തി ദേശായിക്ക് തന്നെ കോടതിയെ സമീപിക്കാം,’ മന്ത്രി പറഞ്ഞു.
തൃപ്തി ദേശായിയും നാലംഗ സംഘവും പുലര്‍ച്ചെ നാലരയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ് സംഘം എത്തിച്ചേര്‍ന്നത്. പിന്നീട് സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു.
Discussion about this post