കൊച്ചി: ശബരിമല ദർശനത്തിനായി എത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ വനിതാസംഘം കൊച്ചിയിലെത്തിയതിന് പിന്നാലെ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധം. എറണാകുളം റവന്യൂ ടവറിലെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് നാമജപവുമായി പ്രതിഷേധം നടക്കുന്നത്. വനിതാ സംഘം എത്തുന്ന വിവരമറിഞ്ഞ് അതിരാവിലെ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് ഇവിടെ എത്തിയിരുന്നത്. പിന്നാലെ അയ്യപ്പ ധർമ്മ സമിതിയും ശബരിമല കർമ്മസമിതി പ്രവർത്തകരും ഹിന്ദു ഹെൽപ്പ്‌ലൈൻ പ്രവർത്തകരും ഇതിനിടെ പ്രതിഷേവുമായി രംഗത്തെത്തുകയായിരുന്നു.
ഇവർ വിളിച്ചറിയിച്ചത് അനുസരിച്ച് കൂടുതൽ പേർ ഇവിടെ പ്രതിഷേധത്തിന് എത്തുന്നുണ്ട്. എല്ലാവരും ശരണം വിളിച്ചാണ് പ്രതിഷേധിക്കുന്നത്. കമ്മിഷണർ ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം സാഹചര്യം വിലയിരുത്താൻ കൊച്ചി സിറ്റി പോലീസ് ഡിഐജി ഫിലിപ്പിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. ഐജി വിജയ് സാഖറെ സ്ഥലത്തില്ലാത്തതിനാലാണ് ഫിലിപ്പ് യോഗം വിളിച്ചത്. എസിപിമാരും സിഐമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം പ്രതിഷേധക്കാരുടെ നേതാക്കളുമായി ചർച്ച നടന്നേക്കും.