കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തിദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തിദേശായിയുടെ സംഘത്തിലുണ്ട്.
അതേസമയം, ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകുപൊടിയെറിഞ്ഞതായി ബിന്ദു അമ്മിണി ആരോപിച്ചു. അതേസമയം ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പോലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
ഇത്തരത്തില്‍ ശബരിമല ദര്‍ശനത്തിന് സംഘം എത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൃപ്തി ദേശായിയും സംഘവും കമ്മീഷണറുടെ ഓഫീസിലുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ് സംഘം എത്തിച്ചേര്‍ന്നത്.