വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി മൊഴി രേഖപ്പെടുത്തി. പിടിഎ പിരിച്ചു വിട്ട് അധ്യാപകര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണെമെന്നാവശ്യപ്പെട്ട് കുട്ടികള്‍ ഇന്ന് സ്കൂള്‍ ഉപരോധിച്ചു.
അന്വേഷണ സംഘം കുട്ടി മരണപ്പെട്ട ആശുപത്രിയില്‍ എത്തിയും ശേഷം സ്കൂളില്‍ എത്തിയുമാണ് തെളിവെടുപ്പ് നടത്തിയത്. മരണപ്പെട്ട കുട്ടിയെ ചികിത്സിച്ച ഡോക്ടറില്‍ നിന്ന് മൊഴിയെടുത്തു. ഇതിനുശേഷം സര്‍വ്വജന സ്കൂളിലെത്തി പാമ്പുകടിയേറ്റത് മുതല്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നത് വരെയുള്ള കാര്യങ്ങളെക്കുറിച്ച് കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും മൊഴിയെടുത്തു. ചികിത്സ വൈകിയതാണോ മരണത്തിന് കാരണമായതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് മെഡിക്കല്‍ ബോര്‍ഡിനെയും അന്വേഷണസംഘം സമീപിച്ചു.
അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവിലാണ്. ഇന്നലെ സര്‍വകക്ഷി യോഗം ചേര്‍ന്നെങ്കിലും സ്കൂളിലെ കുട്ടികളുടെ പ്രതിഷേധം ഇതുവരെ അടങ്ങിയിട്ടില്ല. ജനറല്‍ബോഡി യോഗം ചേര്‍ന്ന് പിടിഎ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഉപരോധിച്ചു. അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Discussion about this post