ബത്തേരി: സർവജന സ്‌കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ നേരിട്ട നീതി നിഷേധം മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറഞ്ഞ നിദയെ എല്ലാവരും അഭിനന്ദിക്കുകയാണ്. ഇതോടൊപ്പം വിസ്മയ, കീർത്തന എന്നീ കുഞ്ഞു പോരാളികളുടെ പേരുകളും മറക്കാനാകില്ല. ഷെഹ്‌ലയെ അധ്യാപകർ ഗൗനിച്ചില്ലെന്ന് ആദ്യം മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞവരിൽ ഒരാൾ കീർത്തനയാണ്. വിസ്മയയും കൂടെയുണ്ടായിരുന്നു. ദേശീയപാത 776 ലെ രാത്രിയാത്രാ നിരോധന സമരത്തിൽ നിദ പങ്കെടുത്തപ്പോഴും ഇവർ കൂടെയുണ്ടായിരുന്നു. തങ്ങളുടെ ഷെഹ്‌ലയ്ക്കു വേണ്ടി ഇത്രയെങ്കിലും ശബ്ദിച്ചില്ലെങ്കിൽ കൂട്ടുകാരികളെന്ന് എങ്ങനെ പറയാനാരുമെന്നാണ് ഇവരുടെ ചോദ്യം. സോഷ്യൽമീഡിയയിൽ താരമായതോടെ നിദ ഫാത്തിമയ്ക്ക് വീടൊരുക്കുമെന്ന് ഹരിത സംസ്ഥാന കമ്മിറ്റി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കീർത്തനയുടെ കുടുംബത്തിനും വീട് നിർമ്മിച്ച് നൽകുമെന്ന് എംകെ മുനീർ എംഎൽഎ അറിയിച്ചിരിക്കുകയാണ്.
സഹപാഠിയെ മരണത്തിന് വിട്ടുകൊടുത്ത സ്‌കൂളിന്റെ അനാസ്ഥയ്ക്ക് എതിരെ ശബ്ദമുയർത്തിയ നിദ ഫാത്തിമയും വിസ്മയയും കീർത്തനയും സോഷ്യൽമീഡിയയിൽ താരങ്ങളായിരിക്കുകയാണ്. ഉറച്ച ശബ്ദത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ മടി കൂടാതെ കാര്യങ്ങൾ വിശദീകരിച്ച നിദ ഏഴാംക്ലാസുകാരിയാണ്. എന്നാൽ എന്നാൽ കീർത്തനയും വിസ്മയയും അഞ്ചാം ക്ലാസിലെത്തിയതേയുള്ളൂ. ഈ ചെറിയ കുട്ടികളുടെ പ്രതികരണത്തിലെ സത്യസന്ധതയാണ് എല്ലാവരേയും ആകർഷിക്കുന്നത്. നിദ ഫാത്തിമയ്ക്ക് ഐപിഎസുകാരിയാകണമെന്നാണ് ആഗ്രഹം. കീർത്തനയ്ക്ക് ഡോക്ടറും വിസ്മയയ്ക്ക് പത്രപ്രവർത്തകയും ആകാനാണിഷ്ടം. ബത്തേരിക്കടുത്ത് കൈപ്പഞ്ചേരിയിലാണ് മൂന്നുപേരുടേയും വീട്.
നിദയെ ചേർത്ത് പിടിച്ച സോഷ്യൽമീഡിയ വിസ്മയയ്ക്കും കീർത്തനയ്ക്കും സല്യൂട്ട് നൽകാനും മടിക്കുന്നില്ല. ഇവർക്കൊപ്പം പ്രതികരിച്ച നസ്ല ഫാത്തിമ, ഷെഹ്ദിയ ശരീഫ്,ഷെഹ്മി, കീർത്തി തുടങ്ങിയ വിദ്യാർത്ഥികൾക്കും കൈയ്യടിക്കുകയാണ് സോഷ്യൽമീഡിയ.
നേരത്തെ, നിദയുടെ വീട്ടിൽ സന്ദർശനം നടത്തിയ എംകെ മുനീർ നിദയ്ക്ക് വീടു വെച്ചു നൽകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതോടെയാണ് നിദ ഫാത്തിമയ്ക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് ഹരിത സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ വാടക വീട്ടിൽ അന്തിയുറങ്ങുന്ന കീർത്തനയ്ക്കും മുസ്ലിം ലീഗിന്റെ ബൈത്തുറഹ്മ പദ്ധതി പ്രകാരം വീട് നിർമ്മിക്കുമെന്ന് ലീഗ് നേതൃത്വം അറിയിക്കുകയായിരുന്നു. നിദയ്ക്ക് വീടൊരുക്കുമ്പോൾ കീർത്തനയ്ക്കും വീട് വേണമെന്ന അഭ്യർത്ഥന സോഷ്യൽ മീഡിയയിലും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കീർത്തനയുടെ കുടുംബത്തിന് വീടുവെച്ചു നൽകാൻ സന്നദ്ധമായി മുസ്ലിംലീഗ് രംഗത്തെത്തിയത്. ലീഗ് നേതാക്കൾ കീർത്തനയുടെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു. ഇവിടെ വെച്ച് ഫോണിൽ സംസാരിച്ച എംകെ മുനീറാണ് വീടു വെക്കാൻ സഹായം നൽകാമെന്ന് അറിയിച്ചത്.
കർണാടകയാണ് കീർത്തനയുടെ കുടുംബത്തിന്റെ സ്വദേശം. ധർമ്മയ്യയും നാഗുവുമാണ് കീർത്തനയുടെ മാതാപിതാക്കൾ. കീർത്തനയുടെ സഹോദരി കീർത്തി സർവജന സ്‌കൂളിലെ ഏഴാക്ലാസ് വിദ്യാർത്ഥിനിയാണ്. കൂലിപ്പണി എടുത്താണ് കുടുംബം ജീവിതം മുന്നോട്ടു പോകുന്നത്. മകളെയോർത്ത് അഭിമാനം മാത്രമെയുള്ളൂവെന്ന് കീർത്തനയുടെ പിതാവ് പറയുന്നു.
Discussion about this post