വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും. വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പുതിയ നടപടി.
ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിക്കാന്‍ ഇടയായ ഗവ സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരവുമാണ് ഇന്ന് വൃത്തിയാക്കുന്നത്. അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവിലാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ, പ്രധാനാധ്യാപകന്‍ മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവരാണ് ഒളിവില്‍ തുടരുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയരായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററേയും അധ്യാപകനെയും സസ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ സ്‌കൂളിന് പകരം പ്രിസിപ്പലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ്ങ്, ശുചീകരണ പ്രവൃത്തികള്‍ നടത്തല്‍ തുടങ്ങിയവയാണ് യോഗത്തിലുണ്ടായ മറ്റ് തീരുമാനങ്ങള്‍. ഇത് കൂടാതെ കുട്ടികള്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകാതിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post