തോപ്പുംപടി: ‘വാല്‍വിന് തകരാര്‍, മൂന്ന് ബ്ലോക്കുണ്ട്, ചികിത്സയ്ക്കും പണമില്ല’ ഇത് പ്രശസ്തയായ നടി മോളി കണ്ണമാലിയുടെ വാക്കുകളാണ്. ഏവരുടെയും ചങ്ക് തകര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മോളി. ഒന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ താരം. ആറ് മാസക്കാലമായി ഏങ്ങും പോകാനാതെ വീട്ടില്‍ തന്നെ ഇരിപ്പാണ് അവര്‍.
ഏതാനും മാസം മുമ്പ് കായംകുളത്ത് സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്സലിനിടയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്നാണ് വാല്‍വിന് തകരാറുള്ളതും, മൂന്ന് ബ്ലോക്ക് കണ്ടെത്തിയതും, ‘പുറത്തേക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. അഞ്ച് മാസമായി ഇവിടെത്തന്നെയാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നേ… എന്റെ കൈയില്‍ പണമില്ല…’ മോളി നിറകണ്ണുകളോടെ പറയുന്നു.
‘ട്രേസിങ്’ എന്ന സിനിമയിലാണ് മോളി ഒടുവില്‍ വേഷമിട്ടത്. ശേഷമാണ് അസുഖങ്ങള്‍ ഒന്നൊന്നായി പിടികൂടിയത്. കട്ടിലില്‍ തന്നെയാണ് എപ്പോഴും. ശ്വാസംമുട്ടലുമുണ്ട്. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ വേണമെന്ന് മോളി പറയുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികളായ മക്കള്‍ക്ക് അതിനുള്ള പാകമില്ലെന്നും മോളി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക നിലയും തകരാറിലാണ്. ലക്ഷങ്ങളുടെ ബാധ്യതയും ഉണ്ടെന്ന് മോളി വെളിപ്പെടുത്തി. രോഗബാധിതയായ വിവരമറിഞ്ഞ് ചലച്ചിത്ര ലോകത്തെ ചില സുഹൃത്തുക്കള്‍ മോളിയെ വിളിച്ചിരുന്നു. അതൊരു ആശ്വാസമാണെന്ന് മോളി പറയുന്നു.