വയനാട്: ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഷെഹ്ലാ ഷെറിന് നല്കാന് ആന്റി വെനം ഉണ്ടായിരുന്നില്ലെന്ന ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും രംഗത്ത്.
ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രതിവിഷം ആവശ്യത്തിനുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളള വ്യക്തമാക്കി. ഷെഹലയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 25 ഡോസ് പ്രതിവിഷം അവിടെ ഉണ്ടായിരുന്നുവെന്നും മുതിര്‍ന്ന ഒരാള്‍ക്ക് പോലും 10 ഡോസ് പ്രതിവിഷമാണ് ആദ്യം കൊടുക്കുകയെന്നും ഡിഎംഒ ഡോ.രേണുക പറഞ്ഞു.
പാമ്പ് കടിയേറ്റ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഷഹല ഷെറിന് ചികിത്സ നല്‍കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചതിന് രണ്ട് കാരണങ്ങളാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. ജിസ പറഞ്ഞത്. ആശുപത്രിയില്‍ ഷെഹലയ്ക്ക് നല്‍കാനാവശ്യമായ പ്രതിവിഷം സ്റ്റോക്ക് ഉണ്ടായിരുന്നില്ലെന്നും പ്രതിവിഷം നല്കിയാല് സംഭവിക്കാനിടയുളള അപകടം കൈകാര്യം ചെയ്യാനുളള വെന്റിലേറ്റര്‍ സൗകര്യവും ഇല്ലായിരുന്നുവെന്നുമായിരുന്നു ഡോക്ടറുടെ വാദം.
എന്നാല്‍ ഈ രണ്ട് വാദവും ജില്ലാ കലക്ടര്‍ തളളി. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിക്കുക പോലും ചെയ്യാതിരുന്ന ഡ്യൂട്ടി ഡോക്ടര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറും വ്യക്തമാക്കി.
Discussion about this post