കട്ടപ്പന: കട്ടപ്പനയില്‍ കടല്‍ക്കുതിരകളെ വില്പനയ്ക്ക് എത്തിയ യുവാവ് പിടിയില്‍. തമിഴ്നാട് തേനി ആണ്ടിപ്പെട്ടി മൈലാടുംപാറ കാളിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ തവ മുതൈയ്യന്‍ ആണ് പിടിയിലായത്. വംശനാശ ഭീഷണി നേരിടുന്ന കടല്‍ക്കുതിരകളുമായി എത്തിയ യുവാവ് കട്ടപ്പന വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡിന്റെ പിടിയിലാവുകയായിരുന്നു.
ഉണക്കി സൂക്ഷിച്ച 49 കടല്‍ക്കുതിരകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കുമളി-മൂന്നാര്‍ റോഡില്‍ ആമയാറില്‍ നിന്നും ഇയാള്‍ പിടിയിലാകുന്നത്. കുമളി വിനോദ സഞ്ചാര മേഖലയില്‍ എത്തിച്ച് വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് തവ മുതൈയ്യന്‍ പറഞ്ഞു.
ലക്ഷങ്ങള്‍ വിലമതിക്കുന്ന കടല്‍ക്കുതിരകളെ മരുന്നു നിര്‍മാണത്തിനും , ലഹരിക്കുമായാണ് ഉപയോഗിക്കുന്നത്. തൂത്തുക്കുടി സ്വദേശിയായ സുഹൃത്താണ് ഇവ നല്‍കിയതെന്ന് പ്രതി മൊഴി നല്കി. അതേസമയം കടല്ക്കുതരക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങി. പ്രതിയെ കോടതിയില്‍ ഹാജാരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post