വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചതിന്റെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഇപ്പോഴും ശക്തമാണ്. അതിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഈ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സജീവമാവുകയാണ്. വയനാട്ടിലെ എല്ലാ സ്‌കൂളുകളും പരിസരവും വൃത്തിയാക്കുവാന്‍ ആണ് പ്രവര്‍ത്തകരുടെ തീരുമാനം.
ജില്ലയിലെ ഡിവൈഎഫ്ഐയുടെ 57 മേഖലാ കമ്മിറ്റികളും അതത് മേഖലകളിലെ അംഗന്‍വാടികളും സ്‌കൂളുകളും സന്ദര്‍ശിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെയുള്ള ദിവസങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുക. സ്‌കൂളുകളുടെ പരിസരം വ്യത്തിയാക്കുന്നതോടൊപ്പം ക്ലാസ് മുറികള്‍, ശുചി മുറികള്‍, ഭക്ഷണശാലകള്‍ എന്നിവ വൃത്തിയാക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.
ഡിസംബര്‍ ഒന്നിന് ജില്ലയില്‍ ശുചീകരണ ദിനമായി ആചരിക്കും. ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും അന്നേ ദിവസം പൊതു സ്ഥാപനങ്ങളും പരിസരവും വൃത്തിയാക്കും. ജില്ലയിലെ ആറ് ബ്ലോക്കുകളിലെ കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മേഖലകളുടെ ചുമതലകള്‍ ഏറ്റെടുത്ത് പത്ത് ദിവസം കൊണ്ട് ശുചീകരണം പൂര്‍ത്തീകരിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
Discussion about this post