തിരുവനന്തപുരം: ബത്തേരി സർവജന സ്‌കൂളിൽ വെച്ച് പാമ്പ് കടിച്ച് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ അടിയന്തര സഹായം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ് ആവശ്യപ്പെട്ടു. ഈ തുക ആരോപണവിധേയരായ അധ്യാപകരിൽ നിന്നും ഡോക്ടറിൽ നിന്നും ഈടാക്കണം. സംഭവത്തിൽ സ്‌കൂൾ അധികൃതർക്കും ഡോക്ടർക്കും വീഴ്ച സംഭവിച്ചതായും സുരേഷ് പറഞ്ഞു. ഷെഹ്‌ല പഠിച്ചിരുന്ന സ്‌കൂളിൽ ബാലാവകാശ കമ്മീഷൻ ചെയർമാൻ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് അടിയന്തര സഹായത്തെ കുറിച്ച് പ്രതികരിച്ചത്.
ഷെഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും കൃഷി മന്ത്രി വിഎസ് സുനിൽ കുമാറും സന്ദർശിച്ചിരുന്നു. ഷെഹ്‌ലയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച രവീന്ദ്രനാഥ് ഇതുവരെ സർക്കാർ സ്വീകരിച്ച നടപടികൾ കുടുംബാംഗങ്ങളോട് വിശദീകരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ വിശദമായ അന്വേഷണം നടത്തും.
ഇനി അത്തരം ഒരു സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞ രവീന്ദ്രനാഥ് സ്‌കൂളിന് രണ്ട് കോടി രൂപ ഉടൻ അനുവദിക്കുമെന്ന് അറിയിച്ചു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നഗരസഭയെ ചുമതല പെടുത്തിയതായും മന്ത്രി പറഞ്ഞു. വയനാട്ടിലെ എല്ലാ സ്‌കൂളുകളിലും ഉടൻ പരിശോധന നടത്താനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.