ബത്തേരി: സല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ്സ് മുറിക്കുള്ളിലെ ചുമരിനോടുചേര്‍ന്ന ചെറിയപൊത്തില്‍ നിന്നും പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ മരിണപ്പെട്ട ഷെഹ്ല ഷെറിന്‍ പാടിയെന്ന തരത്തില്‍ ഒരു വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ സംബന്ധിച്ച സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവന്നത്. വീഡിയോയില്‍ പാട്ടുപാടുന്ന പെണ്‍കുട്ടിയും മരിച്ച ഷെഹ്ല ഷെറിനും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വയനാട്ടിലെ മുട്ടില്‍ ഡബ്ല്യുഒ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഷെഹ്ന ഷാനവാസാണ് ഈ ഗായിക. വസ്തുതകള്‍ പരിശോധിക്കാതെ ഈ വീഡിയോ പങ്കുവയ്ക്കുന്നവരോട് അതിലെ യഥാര്‍ത്ഥ പാട്ടുകാരി ഷെഹ്ന ഷാനവാസ് പ്രതികരണവുമായി രംഗത്ത് എത്തി.
4 വര്‍ഷം മുന്‍പ് ചുണ്ടേല്‍ ആര്‍സി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഷെഹ്ന പാടിയ പാട്ടാണിത്. ഇത് ഇപ്പോള്‍ പാമ്പ് കടിയേറ്റ് മരിച്ച കുട്ടി പാടിയ പാട്ട് എന്ന തരത്തില്‍ പ്രചരിക്കുകയാണ്. വീഡിയോ നിരവധി പേരാണ് ഷേയര്‍ ചെയ്തത്.
വീഡിയോ ഗാനം വ്യാപകമായി പ്രചരിച്ചതോടെയാണ് ഷെഹ്ന ഷാനവാസ് പ്രതികരണവുമായി രംഗത്ത് വന്നത്. തോന്നിയപോലെ തലക്കെട്ടിട്ട് ഇത്തരം വീഡിയോകള്‍ പ്രചരിക്കുമ്പോള്‍ ഞങ്ങളെപ്പോലുള്ളവര്‍ക്കുണ്ടാകുന്ന മനോവിഷമം എത്രത്തോളമുണ്ടാകുമെന്ന് എല്ലാവരും ആലോചിക്കണ്ടേ എന്നും ഷെഹ്ന ചോദിക്കുന്നു.
Discussion about this post