തിരുവനന്തപുരം: ഫ്രാന്‍സും കേരളവുമായുള്ള സാംസ്‌കാരിക വിനിമയം കൂടുതല്‍ ശക്തിപ്പെടുത്താന്‍ വഴിയൊരുങ്ങുന്നുവെന്ന് മന്ത്രി എകെ ബാലന്‍. കഴിഞ്ഞ ദിവസം വൈകുന്നേരം ഫ്രഞ്ച് കോണ്‍സുലായ കാതറിന്‍ സ്വാഡും അലൈന്‍സ് ഫ്രാന്‍ സൈസ് ചെന്നൈ ചെന്നൈ ഡയറക്ടര്‍ ബ്രൂണോ, അലൈന്‍സ് ഫ്രാന്‍സൈസ് കേരള ഡയറക്ടര്‍ ഇവാ മാര്‍ട്ടിന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
വില്ല്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ കിങ് ലിയറിന്റെ കഥകളി ആവിഷ്‌കാരം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ ഇവരും ഒപ്പമുണ്ടായിരുന്നുവെന്ന് മന്ത്രി കുറിച്ചു. അതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് തടങ്ങിയ ചര്‍ച്ച ഏറെ നേരത്തേക്ക് പടര്‍ന്നപ്പോള്‍ കലയുടെയും, സംസ്‌കൃതിയുടെയും ഈറ്റില്ലമായ ഫ്രാന്‍സുമായി സാംസ്‌കാരിക കേരളത്തിന്റെ വിനിമയത്തിന്റെ നവ സാധ്യതകളിലേക്ക് ഈ കൂടിക്കാഴ്ച്ച വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഫ്രാന്‍സും കേരളവുമായുള്ള സാംസ്‌കാരിക വിനിമയം കൂടുതല്‍ ശക്തിപ്പെടുത്താന്‍ വഴിയൊരുക്കുന്നതായിരുന്നു ഇന്നലെ വൈകിട്ട് ഫ്രഞ്ച് കോണ്‍സുലായ കാതറിന്‍ സ്വാഡും അലൈന്‍സ് ഫ്രാന്‍ സൈസ് ചെന്നൈ ചെന്നൈ ഡയറക്ടര്‍ ബ്രൂണോ, അലൈന്‍സ് ഫ്രാന്‍സൈസ് കേരള ഡയറക്ടര്‍ ഇവാ മാര്‍ട്ടിന്‍ എന്നിവരുമായി നടന്ന കൂടിക്കാഴ്ച.
വില്ല്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ കിങ് ലിയറിന്റെ കഥകളി ആവിഷ്‌കാരം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ ഇവരും ഒപ്പമുണ്ടായിരുന്നു. അതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് തടങ്ങിയ ചര്‍ച്ച ഏറെ നേരത്തേക്ക് പടര്‍ന്നപ്പോള്‍ കലയുടെയും, സംസ്‌കൃതിയുടെയും ഈറ്റില്ലമായ ഫ്രാന്‍സുമായി സാംസ്‌കാരിക കേരളത്തിന്റെ വിനിമയത്തിന്റെ നവ സാധ്യതകളിലേക്ക് ഈ കൂടിക്കാഴ്ച്ച വഴിയൊരുക്കി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 30നായിരുന്നു കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ അലൈന്‍സ് ഫ്രാന്‍സൈസുമായി സഹകരിച്ചൊരുക്കിയ കിങ് ലിയര്‍ കഥകളിയുടെ പ്രഥമ അവതരണം. സാംസ്‌കാരിക വിനിമയത്തിന്റെ അകംപൊരുളറിഞ്ഞ ഈ കലാസൃഷ്ടി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും തുടര്‍ന്ന് ഫ്രാന്‍സിലും അരങ്ങേറി. 2020ല്‍ കിങ് ലിയര്‍ കഥകളി മുപ്പത് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഫ്രാന്‍സില്‍ അരങ്ങേറാനുള്ള വേദി ഒരുങ്ങുന്നു. ലോക പ്രശസ്തനായ സംവിധായകന്‍ പീറ്റര്‍ ബ്രൂക്കിന്റെ ‘ദി പ്രിസണര്‍’ എന്ന നാടകം ഭാരത് ഭവനുമായി ചേര്‍ന്ന് അലൈന്‍സ് ഫ്രാന്‍സൈസ് 2020 മാര്‍ച്ചില്‍ തലസ്ഥാന നഗരിയില്‍ എത്തിക്കുന്നു എന്നതാണ് സന്തോഷകരമായ മറ്റൊരു സാംസ്‌കാരിക വാര്‍ത്ത. ശ്രദ്ധേയ ഫ്രഞ്ച് സംവിധായിക അനറ്റ് ലെഡായ് ഒരുക്കുന്ന സമകാലീന നൃത്ത-നാടക ശൈലികള്‍ സമന്വയിപ്പിച്ച ‘എസ്തല’ എന്ന സര്‍ഗ്ഗാവിഷ്‌കാരത്തിന്റെ ഡെമോണ്‍സ്ട്രേഷന്‍ ഡിസംബര്‍ 10ന് വൈകിട്ട് 6.30ന് ഭാരത് ഭവനില്‍ അവതരിപ്പിക്കുവാനും ഈ ചര്‍ച്ചയില്‍ തീരുമാനമായി. ഇതിനെ തുടര്‍ന്ന് മറ്റൊരു സവിശേഷ സാംസ്‌കാരിക വിരുന്ന് ഡിസംബര്‍ 18ന് ഭാരത് ഭവനുമായി സഹകരിച്ച് അലൈന്‍സ് ഫ്രാന്‍സൈസ് ഒരുക്കുന്നുണ്ട്. ഏഷ്യന്‍ യൂണിവേഴ്സിറ്റി ഫോര്‍ വുമണ്‍സ് ക്വയര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണത്. പതിനാല് ഏഷ്യന്‍ രാജ്യങ്ങളിലെ നാല്‍പ്പതോളം യുവതികള്‍ പങ്കെടുക്കുന്നു എന്നാണ് ഇവാ മാര്‍ട്ടിന്‍ പറഞ്ഞത്. കൂടിക്കാഴ്ച്ചയിലെ ചര്‍ച്ചാവിഷയങ്ങള്‍ ഫ്രഞ്ച് സംസ്‌കാരികതയിലേക്കും, എനിക്ക് പ്രിയപ്പെട്ട ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോളയുടെ ‘നാന’ എന്ന നോവലിനെ കുറിച്ചുമായപ്പോള്‍, ഫ്രഞ്ച് സംഘം കൂടുതല്‍ വാചാലരായി.
ഏറെ ആഹ്ലാദത്തിനിടയാക്കിയ മറ്റൊരു സര്‍ഗ്ഗാവിഷ്‌കാരത്തിന്റെ അണിയറ ഒരുക്കത്തെ കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. മലയാളത്തിലെന്ന പോലെ ഫ്രഞ്ച് സാഹിത്യലോകത്തും പ്രിയപ്പെട്ടവനായ എം. മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതികള്‍’ എന്ന നോവല്‍ അനിമേഷന്‍ തീയ്യേറ്ററിന്റെയും, പപ്പറ്റ് തീയ്യേറ്ററിന്റെയും അതിനൂതന സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി അവതരിപ്പിക്കുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. ഫ്രാന്‍സിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും കേരളത്തിലെ ശ്രദ്ധേയ കലാ പ്രവര്‍ത്തകരും വേദിയിലും തിരശ്ശീലയിലുമായി എത്തും. നാടക-ചലച്ചിത്ര സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി കൂടി ആയ പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തില്‍ 2021ല്‍ ഫ്രാന്‍സിലെ ഫ്രാന്‍കോണിക് ഫെസ്റ്റിവലിലും, ഇന്ത്യയിലെ വിവിധ ഇടങ്ങളിലും ഫ്രഞ്ച്- കേരള സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി അവതരിപ്പിക്കും.
കേരളീയ സാംസ്‌കാരിക ദൗത്യങ്ങളുടെ നിറവ് രാജ്യാന്തരങ്ങളിലേക്ക് എത്തിക്കുക എന്നത് സാംസ്‌കാരിക വകുപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ ഒന്നാണ്. സൗദി അറേബ്യയിലെ വിജയകരമായ സാംസ്‌കാരിക വിനിമയ പ്രവര്‍ത്തനത്തിന് ശേഷം, ഫ്രാന്‍സുമായുള്ള ഈ സാംസ്‌കാരിക ദൗത്യങ്ങളില്‍ സാംസ്‌കാരിക വകുപ്പിന് നിറവാര്‍ന്ന പ്രതീക്ഷയുണ്ട്.