കാസര്‍കോട്: കഴിഞ്ഞ ദിവസം തെയ്യക്കോലത്തിന്റെ അടിയേറ്റ് നിരവധി ആളുകള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആലാമിപ്പള്ളി തെരുവത്ത് ലക്ഷ്മി നഗര്‍ അറയില്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന കളിയാട്ടത്തില്‍ കെട്ടിയാടിയ തെയ്യക്കോലത്തിന്റെ അടിയേറ്റാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്.
സംഭവത്തില്‍ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതിയെ കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. ഡിസംബറില്‍ കാസര്‍കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നവംബര്‍ 2 ന് രാത്രി കെട്ടിയാടിയ മൂവാളംകുഴി ചാമുണ്ഡി തെയ്യകോലമാണ് ഭക്തരെ ഓടിച്ചിട്ട് തല്ലിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
തെയ്യകോലത്തിന്റെ കൈയിലുള്ള വടിയും മരം കൊണ്ടുള്ള പരിചയും ഭക്തര്‍ക്ക് നേരേ ഓങ്ങാറുണ്ട്. തെരുവത്ത് ക്ഷേത്രത്തില്‍ നടന്നത് കരുതികൂട്ടിയുള്ള മര്‍ദ്ദനമാണെന്നെന്ന വിലയിരുത്തലുകള്‍ വരെ ഉണ്ടായി. നിരവധി ചെറുപ്പകാര്‍ക്കും തെയ്യക്കോലത്തിന്റെ അടിയേറ്റിരുന്നു. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.