സുല്‍ത്താന്‍ ബത്തേരി: ബത്തേരി സര്‍വജന സ്കൂള്‍ വിദ്യാര്‍ഥിനി ഷെഹ്ല ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സ്കൂളിലെ പ്രിന്‍സിപ്പല്‍ കരുണാകരന്, വൈസ് പ്രിന്‍സിപ്പല്‍ മോഹനന്, അധ്യാപകന് ഷജില്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ലിസ മെറിന് ജോയി എന്നിവര്‍ക്കെതിരെയാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തത്. ഇവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
സംഭവത്തില്‍ മാതാപിതാക്കള്‍ പരാതിയില്ലെന്ന് എഴുതി നല്‍കിയിരുന്നു. എന്നാല്‍ ഗുരുതരമായി വീഴ്ചയാണ് സംഭവിച്ചത് എന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
ഷെഹ്ലയുടെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെയും ഡോക്ടര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം ഉന്നയിച്ച് വിവിധ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ വെള്ളിയാഴ്ച പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ടോടെ സ്പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയതോടെയാണ് നാലുപേര്‍ക്കെതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
ബുധനാഴ്ചയാണ് സര്‍വജന സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ലയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റത്. അധ്യാപകരുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം ചികിത്സ വൈകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.