തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടിലിലെ പുതിയ അതിഥി, ഇനി ഷെഹ്ല. കണ്ണീരായി മാറിയ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷെഹ്ലയുടെ ഓര്‍മ്മയിലാണ് കുഞ്ഞിന് പേരിട്ടത്.
വെള്ളിയാഴ്ച രാവിലെ പത്തിനാണ് ആറു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ
ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ചത്. 3.2 കിലോഗ്രാം ഭാരവുമുള്ള പൂര്‍ണ ആരോഗ്യവതിയായിരുന്നു കുഞ്ഞ്. ഇവിടെ എത്തിയ 14ാമത്തെ കുഞ്ഞാണ് ഷെഹ്ല.
കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി എസ്പി ദീപക് അറിയിച്ചു.
ഫെബ്രുവരി ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന ശിശുക്ഷേമ സമിതി ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്തത്.
Discussion about this post