കൽപറ്റ: സുൽത്താൻ ബത്തേരിയിലെ സർവജന സർക്കാർ വിദ്യാലയത്തിലെ അഞ്ചാം ക്ലാസുകാരി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂളിലെ പ്രധാന അധ്യാപകർക്കു സസ്പെൻഷൻ. ഹെഡ്മാസ്റ്റർ കെകെ മോഹനനെയും പ്രിൻസിപ്പാൾ എകെ കരുണാകരനെയുമാണ് സസ്പെന്റ് ചെയ്തത്. പിടിഎ പിരിച്ചു വിടുകയും ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെതാണു നടപടി.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്കു കഴിഞ്ഞില്ല. മറ്റ് അധ്യാപകർ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ അവർക്കെതിരെയും നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അതേസമയം പൊളിക്കാനിരിക്കുന്ന കെട്ടിടത്തിൽ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നും പൊളിക്കാനിരുന്നതിനാൽ ആണ് അറ്റകുറ്റപ്പണി നടത്താതിരുന്നതെന്നും നഗരസഭ അധ്യക്ഷൻ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പ്രതികരിച്ചു. അതേസമയം, ഹൈക്കോടതിയുടെ ഇടപെടലുണ്ടായ സാഹചര്യത്തിൽ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി വിളിച്ച യോഗം പുരോഗമിക്കുകയാണ്.
Discussion about this post