കല്‍പ്പറ്റ: ഈ കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പിന്റെ കടിയേറ്റ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്. പാമ്പുകടിയേറ്റിട്ടും കുട്ടിയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ വൈകിതാണ് മരണത്തിന് ഇടയാക്കിയത്.
നമുക്ക് എല്ലാവര്ക്കും പാമ്പ് എന്നു കേട്ടാല്‍ തന്നെ പേടിയാണ്. പാമ്പിനെ
പേടിയ്ക്കാത്തവരായി ആരുമുണ്ടാകില്ല. വീടിന്റെ മുറ്റത്ത് ചെടിനടുന്നതില്‍ നിന്നും അടുക്കള തോട്ടം നട്ടുപിടിപ്പിക്കുന്നതില്‍ നിന്നും പാമ്പ് പേടി പലരെയും വിലക്കുന്നു.
പണ്ട് പാമ്പിന് ഒളിച്ചിരിക്കാനും ഇരതേടാനുമൊക്കെ പൊന്തക്കാടുകളും മറ്റും ധാരാളമുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് നമ്മള് വീടുകളും മറ്റും കെട്ടിപ്പൊക്കിയതോടെ പാമ്പുകള്‍ക്ക് നമ്മുടെ വീടുകളില്‍ കയറാതിരിക്കാനാവില്ലെന്ന അവസ്ഥയായി. ഓരോ വര്‍ഷവും നിരവധി മരണങ്ങളാണ് പാമ്പുകടിയേറ്റ് സംഭവിക്കുന്നത്.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാമ്പിനെ നമ്മുടെ വീട്ടു പരിസരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താം.
വീട്ടില്‍ പാമ്പു വന്നാല്‍ നമ്മള് ആദ്യം ചെയ്യുന്നത് വെളുത്തുള്ളി ചതച്ചിടുക, മണ്ണെണ്ണ ഒഴിക്കുക തുടങ്ങിയ കാര്യങ്ങളാണ്. എന്നാല്‍ പാമ്പു വരാതിരിക്കാനായി മുന്‍കരുതലെടുക്കുകയാണ് ആദ്യം വേണ്ടത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് അറിയാം.
പൊത്തുകള്‍ അടയ്ക്കുക വീടിന്റെ സമീപത്തും മുറ്റത്തുമൊക്കെയുള്ള പൊത്തുകള്‍ അടയ്ക്കുക. പൊത്തുകള്‍ പാമ്പുകളുടെ ഇഷ്ടപ്പെട്ട ഇടമാണ്.
വീടിന്റെ പരിസരത്ത് ഉയര്‍ന്ന് നില്ക്കുന്ന ഭാഗങ്ങളില്‍ പാഴ് ചെടികള്‍ ഉണ്ടെങ്കില്‍ വെട്ടിക്കളയുക.
എലികള്‍ മാളം തുരന്നിട്ടുണ്ടെങ്കില്‍ അത് മൂടുക.
പാമ്പ് വരാത്ത തരത്തിലുള്ള മതില്, വേലി എന്നിവ വീട്ടില്‍ നിര്‍മ്മിക്കുക.
ചാക്ക്, തടി തുടങ്ങിയ പാഴ് വസ്തുക്കള്‍ വീട്ടില്‍ കൂട്ടിയിടാതിരിക്കുക.
ഭക്ഷ്യ അവശിഷ്ടങ്ങള്‍ കഴിവതും പുറത്ത് കളയാതിരിക്കുക.
വീട്ടിലെ സാധനങ്ങള്‍ കൂട്ടിയിടുന്ന ഭാഗങ്ങളില്‍ പ്രാണികളെ തുരത്തുന്ന ഗുളികകള്‍ ഉപയോഗിക്കണം. സ്റ്റോര്‍ റൂം പോലുള്ള സ്ഥലങ്ങളില്‍ വെളുത്തുള്ളി മുറിച്ച് അല്ലികള്‍ ഇടുന്നത് നല്ലതായിരിക്കും. ഇത്തരം മുറികളില്‍ ചെറിയ സുഷിരമോ വിള്ളലോ ഉണ്ടെങ്കില്‍ അതും എത്രയും വേഗം അടയ്ക്കാന്‍ ശ്രമിക്കുക.
കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വൈക്കോല്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക. ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ്. യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
വളര്‍ത്തുമൃഗങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ പാമ്പുകളെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്. പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം പാമ്പുകള്‍ വരുന്നത് സാധാരണയാണ്. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.