തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷെഹ്ല ഷെറിന് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ. രോഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ആ അധ്യാപകരെ മുഴുവന്‍ പ്രതിയാക്കി കേസെടുക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ”ഇത്തരമൊരു സംഭവമുണ്ടാകുമ്പോള്‍ കുട്ടിയുടെ അച്ഛനെ വിളിപ്പിച്ച് ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞാല്‍ എത്രമാത്രം ഭീകരമാണ്. ഇവര്‍ അധ്യാപകര്‍ക്ക് തന്നെ അപമാനമാണ്. ഇത്തരം വൃത്തിക്കെട്ടവന്മാര്ക്കെതിരെ 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണം. ഇതു നരഹത്യയാണ്. നാട്ടുകാര്‍ ഇവന്മാരെ കൈയേറ്റം ചെയ്യാത്തതില്‍ ദുഖം. അത്രമാത്രം അമര്‍ഷം തോന്നുന്നു. ഡോക്ടറുടെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായി. കോഴിക്കോടേക്ക് വിടുന്നതിന് പകരം പരിശോധിച്ച് എന്താണെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നു. ഡോക്ടര്‍ക്കെതിരെ ശിക്ഷാ നടപടി വേണം”- പിസി ജോര്‍ജ് പറയുന്നു.
ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഷെഹ്ല ഷെറിന് (10) കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. വിവാദം കനത്തതോടെ യുപി അധ്യാപകന് ഷിജിനെ സസ്പെന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേ തുടര്‍ന്നാണ് നടപടിയെടുത്തത്. സ്കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
Discussion about this post