വയനാട്: സുൽത്താൻ ബത്തേരി സർക്കാർ സൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സഹപാഠികളുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തം. ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റിട്ടും സമയത്ത് ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാത്ത അധ്യാപകരുടെ വീഴ്ച ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം ഇരമ്പുന്നത്. ഷെഹ്‌ലയ്ക്ക് വേണ്ടി ശബ്ദമുയർത്തി സർവജന സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.
‘അധ്യാപകരുടെ തോന്നിവാസം. നഷ്ടം എന്നും ഞങ്ങൾക്ക്’ എന്ന് തുടങ്ങി അധ്യാപകരുടെ വീഴ്ച മുതൽ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതകൾക്ക് വരെ പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. കഴുത്തിൽ പ്രതീകാത്മകമായി പാമ്പിനെ ചുറ്റിയാണ് വിദ്യാർത്ഥികൾ പ്രതിഷേധത്തിന് ഇറങ്ങിയത്.
ക്ലാസ് മുറികളിൽ എപ്പോഴും പാമ്പ് ശല്യം ആണ്. പലതവണ പരാതിപ്പെട്ടിട്ടും യാതൊരു ഗുണവും ഉണ്ടായിട്ടില്ല. സ്‌കൂളിൽ ഒരു ഫസ്റ്റ് എയ്ഡ് ബോക്‌സെങ്കിലും വേണമെന്നും വിദ്യാർത്ഥികൾ പറയുന്നു.
നേരത്തെ, ഹൈക്കോടതിയുടെ ഇടപെടലിൽ ജില്ലാ ജഡ്ജി അടക്കമുള്ളവർ സ്‌കൂളിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയെല്ലാം ചേർത്ത് ഉച്ചക്ക് ശേഷം യോഗം വിളിച്ചിട്ടുണ്ട്.