തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും രണ്ട് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സർക്കാർ പുനഃപരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു. നിയമപരമായ പരിശോധനയിലൂടെ തിരുത്താൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
നേരത്തെ ചിലർക്കെതിരെ യുഎപിഎ ചുമത്തി, പിന്നീട് തിരുത്തിയത് മറക്കരുതെന്നും ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി. യുഎപിഎ പോലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ല. യുഎപിഎ കരിനിയമമാണെന്നതിൽ സിപിഎമ്മിന് സംശയമില്ല.
യുഎപിഎ വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും രണ്ട് തട്ടിലാണെന്ന പ്രചാരണം അസംബന്ധമാണെന്നും മാവോയിസ്റ്റ് വഴി തെറ്റ് എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ആയുധം ഉപേക്ഷിച്ചാൽ മാവോയിസ്റ്റുകൾക്ക് പ്രവർത്തിക്കാൻ സാഹചര്യം നൽകുമെന്നും കേരളത്തെ മാവോവാദികൾ ലക്ഷ്യം വെയ്ക്കുന്നത് ഇടതുപക്ഷത്തെ ഭരണത്തിൽ നിന്നും മാറ്റി നിർത്താനായാണ് എന്നും കോടിയേരി ലേഖനത്തിൽ പറയുന്നുണ്ട്.