ആലപ്പുഴ: ഇനി മുതൽ സംസ്ഥാനത്ത് റേഷൻകടകൾ വഴി ബാങ്കിങ് സേവനവും. ഇക്കാര്യത്തിൽ വിശദമായ ചർച്ചയും നടപടി ക്രമങ്ങളും ആരംഭിച്ചു. ഈ പദ്ധതി ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നടപ്പാക്കുക. എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങൾ. ഈ ബാങ്കുകളുമായി ഉടൻ ധാരണയിലെത്തും. ഇപോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാർ അധിഷ്ഠിതമായാകും സേവനം.
റേഷൻ കടകൾ വഴി ബാങ്കിങ് സേവനം നടപ്പാക്കുന്നതിനെപ്പറ്റി വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലുള്ള ലാൻഡ് റവന്യൂ ഹാളിൽ യോഗം ചേരും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസർമാർ, താലൂക്ക്സിറ്റി റേഷനിങ് ഓഫീസർമാർ, റേഷൻ സംഘടനാ പ്രതിനിധികൾ എന്നിവരാണ് പങ്കെടുക്കുക.
റേഷൻ കടയിലെ ബാങ്കിങ് വഴിയുള്ള സേവനങ്ങൾ: പണം സ്വീകരിക്കൽ, നിക്ഷേപിക്കൽ, അക്കൗണ്ടിൽനിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം, വിവിധ ബില്ലുകൾ അടയ്ക്കൽ, ഫോൺ റീച്ചാർജിങ്.
അതേസമയം, എത്രരൂപ വരെ കൈകാര്യം ചെയ്യാൻ കഴിയും, കൂട്ടത്തോടെ ആളുകൾ പണം പിൻവലിക്കാനെത്തിയാൽ നൽകാനാകുമോ തുടങ്ങിയ സംശയങ്ങൾക്ക് ഇനിയും മറുപടി കണ്ടെത്തേണ്ടതുണ്ട്.
Discussion about this post