ബത്തേരി: സ്കൂളിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് കാറ്റിൽപറത്തി ബത്തേരിയിലെ സ്കൂൾ കുഞ്ഞ് ഷെഹ്ലയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് തെളിയുന്നു. പാലക്കാട് സ്വദേശിയായ രക്ഷിതാവ് നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ 5നാണു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിറക്കിയത്.
ക്ലാസ്മുറിയിൽ അധ്യയനം നടക്കുന്നതിനിടെ മേൽക്കൂരയിൽ നിന്നു വിഷപ്പാമ്പ് വിദ്യാർത്ഥിയുടെ തലയിൽ വീണെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു രക്ഷിതാവിന്റെ പരാതി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്നും കണ്ടെത്തി.
ഇതോടെയാണ് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും ക്ലാസ്മുറികളും മറ്റും പ്ലാസ്റ്ററിങ് നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കർശന നിർദേശം നൽകിയത്. അല്ലാത്ത സ്കൂളുകൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്നും ഉത്തരവുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും ബത്തേരിയിലെ ഗവ.സർവജന ഹയർസെക്കന്ററി സ്കൂൾ പാലിച്ചില്ലെന്നതിന്റെ തെളിവാണു വിദ്യാർത്ഥിനിയുടെ മരണം.
Discussion about this post