ഗാന്ധിനഗർ: ആശുപത്രിയിൽ രക്തസ്രാവവുമായി ചികിത്സ തേടിയ യുവതിയെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ നിരീക്ഷിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പ്രസവിച്ചതായി തെളിയുകയും ഇവരുടെ കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തതോടെയാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്.
ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് യുവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും യുവതി നിരീക്ഷണത്തിലാണെന്നും ഗാന്ധിനഗർ പോലീസ് അറിയിച്ചു. നവജാതശിശുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. യുവതിയെ പോലീസ് നിരീക്ഷണത്തിലാക്കി.
വ്യാഴാഴ്ച വൈകീട്ടാണ് അമിതരക്തസ്രാവമെന്നു പറഞ്ഞ് കൈപ്പുഴ സ്വദേശിനിയെ ആശുപത്രിയിലെത്തിച്ചത്. കുളിമുറിയിൽ വീണതാണ് കാരണമായി പറഞ്ഞത്. പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ യുവതിയുടെ മറുപടിയിലെ അവ്യക്തതയാണ് പോലീസിൽ അറിയിക്കാൻ അധികാരികളെ പ്രേരിപ്പിച്ചത്. തുടർന്നാണ് പോലീസ് വീട്ടിലെത്തി പരിശോധിച്ചത്. ഗാന്ധിനഗർ സിഐ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Discussion about this post