തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി പിണറായി സര്‍ക്കാര്‍.
കേരള കര്‍ഷക ക്ഷേമനിധി ബില്‍ നിയമസഭ പാസാക്കി. ഇതോടെ ഇനി കര്‍ഷകര്‍ക്ക് പെന്‍ഷനും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പായി.
രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തില്‍ കര്‍ഷക ക്ഷേമത്തിന് ബോര്‍ഡ് വരുന്നത്. ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ് പാലിക്കപ്പെട്ടത്.
കേരളത്തിന്റെ കാര്‍ഷികമേഖലയുടെ മുഖച്ഛായ മാറ്റുന്നതാണ് ഈ നിയമനിര്‍മാണമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും സാമ്പത്തികസുരക്ഷയ്ക്കും ക്ഷേമത്തിനുമായാണ് ബോര്‍ഡ് രൂപീകരിക്കുന്നത്. കര്‍ഷകര്‍ക്ക് സാമൂഹ്യമാന്യതയും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്തുന്നതിനും വരുംതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ഈ നിയമം സഹായകമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
അഞ്ച് സെന്റിലേറെയും 15 ഏക്കറില്‍ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കൃഷിക്കാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കും. റബര്‍, കാപ്പി, തേയില, ഏലം തോട്ടവിള കൃഷിക്കാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂപരിധി ഏഴര ഏക്കര്‍ ആയി നിശ്ചയിച്ചു.
18 വയസ്സ് പൂര്‍ത്തിയായ എല്ലാ കൃഷിക്കാര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. മാസം കുറഞ്ഞത് 100 രൂപ അംശാദായം അടക്കണം. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ അംശാദായത്തിന്റേയും അടച്ച വര്‍ഷത്തിന്റേയും അടിസ്ഥാനത്തില്‍ പ്രതിമാസം പതിനായിരം രൂപ വരെ പെന്‍ഷന്‍ ലഭിച്ചേക്കും.
വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ താഴെയാകണം. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങളായ എല്ലാ കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച ശേഷം പദ്ധതിയിലേക്കുളള രജിസ്‌ട്രേഷന്‍ തുടങ്ങും.
Discussion about this post