സുല്‍ത്താന്‍ ബത്തേരി: ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹ്ലാ ഷെറിന്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ. ശൈലജ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പാമ്പ് കടിയേറ്റതാണെന്ന് ഡോക്ടറോട് പറഞ്ഞിട്ടും ചികിത്സ വൈകിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരെ നടപടി. പാമ്പ് കടിയേറ്റ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകള്‍ അടയുന്നതായും നീലിച്ചുവരുന്നതായും ഡോക്ടറോട് പിതാവ് പറഞ്ഞിരുന്നു. പാമ്പുകടിക്കുള്ള മരുന്നായ ആന്റി വെനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, നിരീക്ഷണത്തിന് ശേഷം മാത്രമേ ആന്റി വെനം നല്‍കാന്‍ പറ്റൂ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌നയുടെയും മകളാണ്
ഷഹല ഷെറിന്‍ (10) മരിച്ചത്.