തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ പിടിഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ. സ്‌കൂളിലെ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്ന് അദ്ദേഹം ചോദിച്ചു. ക്ലാസിലെ പൊത്തിൽ നിന്നും പാമ്പുകടിയേറ്റാണ് ഷെഹ്‌ല ഷെറിൻ എന്ന വിദ്യാർത്ഥിനി മരിച്ചത്. പാമ്പുകടിയേറ്റതായി ഷെഹ്‌ലയും സഹപാഠികളും പലതവണ പറഞ്ഞിട്ടും അര മണിക്കൂറിന് ശേഷം പിതാവ് എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
പിടിഎയുടെ ജോലിയാണ് ക്ലാസ് മുറികളിലെ മാളങ്ങൾ അടയ്‌ക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പോ എഞ്ചിനീയറോ വന്ന് നോക്കേണ്ട കാര്യമൊന്നുമല്ല ഇത്. സ്‌കൂൾ പിടിഎയ്ക്ക് മറ്റെന്തായിരുന്നു അവിടെ ജോലിയെന്നും മന്ത്രി ചോദിച്ചു.
വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധിച്ചെത്തിയവർ സ്‌കൂൾ തല്ലിതകർത്തത് തെറ്റായ നടപടിയാണെന്നും മന്ത്രി പറഞ്ഞു.
ചെറുപ്പക്കാരായ പത്ത്, പതിനഞ്ച് പേർ വന്ന് അക്രമാസക്തരായി സ്‌കൂൾ തല്ലി തകർക്കുകയായിരുന്നു. കുട്ടി മരിച്ചതിന് സ്‌കൂൾ ആണ് കാരണം എന്ന മട്ടിലാണ് അവർ പെരുമാറിയതെന്നും സുധാകരൻ ആരോപിച്ചു. അധ്യാപകർക്ക് ക്ലാസിൽ ചെരിപ്പിട്ട് കയറാം എന്നാൽ തങ്ങൾ ചെരിപ്പിട്ടാൽ അടിക്കുമെന്നും സ്‌കൂളിലെ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. നിരവധി ആരോപണങ്ങളുമായി വിദ്യാർത്ഥികൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു.
Discussion about this post