തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ അനാക്കോണ്ട ‘അരുന്ധതി’യും വിട പറഞ്ഞു. എന്റമീബ ബാധയാണ് അരുന്ധതിയുടെ മരണ കാരണം. സംഭവത്തെ തുടര്‍ന്ന് മൃഗശാലയില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
ഒമ്പത് വയസ് പ്രായമുള്ള അരുന്ധതിയെ 2014 ഏപ്രിലില്‍ ശ്രീലങ്കയില്‍ നിന്നുമാണ് മൃഗശാലയിലേക്ക് കൊണ്ടുവരുന്നത്. ഗംഗ, എയ്ഞ്ചല, രേണുക എന്നീ പെണ് അനാക്കോണ്ടകളും ഈ അടുത്താണ് ചത്തത്. ഗംഗ എന്ന അനാക്കോണ്ടയില്‍ നടത്തിയ പരിശോധനയിലാണ് മരണം സംഭവിക്കുന്നത് എന്റമീബ മൂലമാണെന്ന് കണ്ടെത്തിയത്.
2014ല്‍ ശ്രീലങ്കയിലെ ദഹിവാല മൃഗശാലയില്‍ നിന്നും ഏഴ് അനാക്കോണ്ടകളെയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ഇനി വെറും മൂന്നെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ദില്‍, രമണി, റൂത്ത് എന്നീ മൂന്ന് അനാക്കോണ്ടകളും ചികിത്സയിലുമാണ്.
ആദ്യത്തെ അനാക്കോണ്ട ചത്തപ്പോള്‍ തന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട പാമ്പ് രോഗ വിദഗ്ധരെ മൃഗശാലയില്‍ എത്തിക്കുകയും എല്ലാ പാമ്പുകളെയും പരിശോധിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.
Discussion about this post