സുൽത്താൻ ബത്തേരി: ക്ലാസ്മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്ല ഷെറിൻ മരിച്ച സംഭവത്തിൽ അധ്യാപകർക്കും ആശുപത്രി അധികൃതർക്കും എതിരെ ഗുരുതര ആരോപണവുമായി പിതാവ്. ഷെഹ്ല ഷെറിനെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ തയ്യാറായില്ലെന്നും പാമ്പ് കടിയേറ്റതാണെന്ന വിവരം തന്നിൽ നിന്നും മറച്ചുവെച്ചെന്നും പിതാവ് അഡ്വ. അസീസ് ആരോപിച്ചു.
താൻ സ്കൂളിലെത്തുന്നത് വരെ ഷെഹ്ലയെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ ശ്രമിച്ചിരുന്നില്ലെന്ന് അസീസ് പറഞ്ഞു. പാമ്പുകടിയേറ്റെന്ന് തന്നോട് പറഞ്ഞില്ല. കുഴിയിൽ കാലുകുടുങ്ങിയെന്നാണ് പറഞ്ഞത്. ചികിത്സ നൽകുന്നത് താലൂക്ക് ആശുപത്രി അധികൃതർ വൈകിപ്പിച്ചതായും രക്ഷിതാവ് പറഞ്ഞു. സംഭവം നടന്നത് മൂന്നു മണിക്കാണ്. സ്കൂളിൽ നിന്ന് വിളിച്ചത് 3.36നും. താൻ എത്തിയ ശേഷമാണ് കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പാമ്പുകടിയേറ്റ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകൾ അടയുന്നതായും നീലിച്ചുവരുന്നതായും ഡോക്ടറോട് പറഞ്ഞു. പാമ്പുകടിക്കുള്ള മരുന്നായ ആന്റി വെനം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, നിരീക്ഷണത്തിന് ശേഷം മാത്രമേ ആന്റി വെനം നൽകാൻ പറ്റൂ എന്ന് ഡോക്ടർ പറഞ്ഞു.
45 മിനിറ്റോളം നിരീക്ഷണത്തിൽ നിർത്തി. ആന്റി വെനം കൊടുക്കണമെന്ന് താൻ നിർബന്ധിച്ചെങ്കിലും അവർ തയാറായില്ല. പിന്നീട്, മെഡിക്കൽ കോളജിലേക്ക് പോകാൻ നിർദേശിച്ച് അവർ തന്നെ ആംബുലൻസ് ഏർപ്പാടാക്കി. സ്കൂൾ അധികൃതരും സംഭവം ഗൗരവത്തിലെടുത്തിരുന്നില്ല. അതുകൊണ്ടാണ് തന്നെ വിളിക്കാൻ വൈകിയതും വാഹനം ഉണ്ടായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post