വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

എന്നാല്‍ അന്വേഷണകാലയളവ് അടക്കമുള്ള കാര്യങ്ങളില്‍ ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല.

പാലക്കാട്: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. കേസില്‍ തെളിവ് ശേഖരിക്കുന്നതിലും പോലീസ് അന്വേഷണത്തിലുമുണ്ടായ പ്രശ്‌നങ്ങളും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയുമടക്കം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ അന്വേഷണകാലയളവ് അടക്കമുള്ള കാര്യങ്ങളില്‍ ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല. വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ലത ജയരാജനെ സര്‍ക്കാര്‍ മാറ്റിയിരുന്നു. പകരം പി സുബ്രഹ്മണ്യനെ ഇന്നലെ പാലക്കാട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാനാണ് പുതിയ പ്രോസിക്യൂട്ടര്‍.

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കൂടാതെ പ്രതികള്‍ക്ക് നോട്ടീസും കോടതി അയച്ചിരുന്നു. മറുപടി ലഭിച്ച ശേഷം തുടര്‍ നടപടിയെന്നാണ് വിവരം. പോലീസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നത്.

Exit mobile version