വയനാട്: ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.
അപകടമുണ്ടായപ്പോള്‍ യഥാസമയം കുട്ടിക്ക് അടിയന്തര ചികിത്സ ലക്ഷ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സുരേഷ് വ്യക്തമാക്കി.
സ്‌കൂള്‍ പരിസരം സുരക്ഷിതമാക്കി വക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പി സുരേഷ് പറഞ്ഞു. കുട്ടികളുടെ സുരക്ഷ പരിഗണിച്ച് അദ്ധ്യയന വര്‍ഷാരംഭത്തിന് മുമ്പ് സ്‌കൂള്‍ പരിസരത്തുള്ള അപകടകരമായ സാഹചര്യത്തില്‍ ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണെന്നും കമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇതിനിടെ, സംഭവത്തില്‍ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. യുപി സ്‌കൂള്‍ സയന്‍സ് അധ്യാപകനായ ഷിജിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് നടപടി.
ഇന്നലെ വൈകിട്ടാണ് ക്ലാസ് മുറിയിലെ ചുമരിനുള്ളിലെ പൊത്തില്‍ നിന്നും പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചത്. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളായ ഷഹ്ല ഷെറിന്‍ (10) ആണ് മരിച്ചത്. ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഹ്ല ഷെറിന്‍.