സുല്‍ത്താന്‍ ബത്തേരി: ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ ഷിജിലിനെതിരെ ഗുരുതര ആരോപണവുമായി സഹപാഠികള്‍.
ക്ലാസ്സ് റൂമില്‍ വച്ച് പാമ്പുകടിയേറ്റ ഷഹ്ല ഷെറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപികയായ ലിന നിരവധി തവണ പറഞ്ഞിരുന്നു, എന്നാല്‍ ഷഹ്ലയെ ആശുപത്രിയില്‍ കൊണ്ട് പോകാതെ തിരിച്ച് ടീച്ചറെ ശകാരിക്കുകയായിരുന്നു അധ്യാപകന് ചെയ്തതെന്ന് സഹപാഠികള്‍ വെളിപ്പെടുത്തി.
പാമ്പ് കടിച്ചതാണെന്ന് ഷഹല പറഞ്ഞിട്ടും ആശുപത്രിയിലെത്തിച്ചില്ല. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റൊരു അധ്യാപികയായ ലിന ടീച്ചര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ഷിജില്‍ സര് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപിക സ്കൂള്‍ വിട്ട് ഇറങ്ങിപോയെന്നും കുട്ടികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഷഹല നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്ന് അധ്യാപകന് പറഞ്ഞുവെന്നും കുട്ടികള്‍ കൂട്ടിച്ചേര്‍ത്തു. അതെസമയം സംഭവത്തില്‍ അധ്യാപകനെ സസ്പെന്‍ഷന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് നടപടി.
ഇന്നലെ വൈകിട്ടാണ് ക്ലാസ് മുറിയിലെ ചുമരിനുള്ളിലെ പൊത്തില്‍ നിന്നും പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചത്. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്നയുടെയും മകളായ ഷഹ്ല ഷെറിന് (10) ആണ് മരിച്ചത്. ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഹ്ല ഷെറിന്.
Discussion about this post