സ്റ്റാഫ് റൂം തല്ലിപ്പൊളിച്ച് നാട്ടുകാര്‍; അധ്യാപകരെ കയ്യേറ്റം ചെയ്തു; പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

സുല്‍ത്താന്‍ബത്തേരി: ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജനരോഷം ഭയന്ന് സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകര്‍ക്ക് നേരെ നാട്ടുകാര്‍ കയ്യേറ്റത്തിന് ശ്രമിച്ചു.

കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ അനാസ്ഥ കാണിച്ച അധ്യാപകന്‍ സജിന്‍ മുറിയ്ക്ക് അകത്തുണ്ടെന്ന് പറഞ്ഞായിരുന്നു നാട്ടുകാര്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറിയത്. സ്റ്റാഫ് റൂമിന്റെ വാതില്‍പൂട്ട് കല്ലുകൊണ്ട് തല്ലിത്തകര്‍ത്താണ് നാട്ടുകാര്‍ അകത്ത് കയറിയത്.

എന്നാല്‍ അനാസ്ഥ കാണിച്ചെന്ന് ആരോപണമുയര്‍ന്ന അധ്യാപകന്‍ മുറിയ്ക്കുള്ളില്‍ ഉണ്ടായിരുന്നില്ല. ഈ അധ്യാപകന്‍ പിന്‍വാതില്‍ വഴി ഓടിയെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്റ്റാഫ് റൂമിനുള്ളില്‍ പ്രധാനാധ്യാപകനും മറ്റ് മൂന്ന് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. പ്രധാനാധ്യാപകനു നേരെ ആക്രോശങ്ങളുമായി പാഞ്ഞടുത്ത നാട്ടുകാര്‍ ഏറെ നേരം സംഘര്‍ഷസ്ഥിതിയുണ്ടാക്കി. പിന്നീട് പോലീസെത്തിയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്.

അതെസമയം അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകന്‍ സജിനെ സസ്പെന്‍ഷന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥമൂലമാണ് കുട്ടി മരിച്ചത് എന്ന ആരോപണം ശക്തമായതോടെയാണ് അധ്യാപകന്‍ സജിനെ സസ്പെന്‍ഷന്‍ഡ് ചെയ്തത്. പമ്പ് കടിയേറ്റെന്ന് ബോധ്യപ്പെട്ടിട്ടും ഷഹ്ല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് സഹപാഠികളും ആരോപിച്ചിരുന്നു.

Exit mobile version