സുല്‍ത്താന്‍ബത്തേരി: ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകന്‍ സജിനെ സസ്‌പെന്‍ഷന്‍ഡ് ചെയ്തു.
കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥമൂലമാണ് കുട്ടി മരിച്ചത് എന്ന ആരോപണം ശക്തമായതോടെയാണ് അധ്യാപകന്‍ സജിനെ സസ്‌പെന്‍ഷന്‍ഡ് ചെയ്തത്. പമ്പ് കടിയേറ്റെന്ന് ബോധ്യപ്പെട്ടിട്ടും ഷഹ്ല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു.
അതേസമയം വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.
പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്നയുടെയും മകളായ ഷഹ്ല ഷെറിന്‍ (10) ആണ് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്. ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഹ്ല ഷെറിന്‍.
ബുധനാഴ്ച വൈകീട്ട് 3.30-ഓടെയാണ് സംഭവം. ക്ലാസ് മുറിക്കുള്ളിലെ ചുമരിനോടുചേര്‍ന്ന ചെറിയപൊത്തില്‍ നിന്നാണ് കുട്ടിയെ പാമ്പുകടിച്ചത്. പാമ്പ് കടിച്ചെന്ന് കുട്ടി അറിയിച്ചിട്ടും അധ്യാപകര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുകയായിരുന്നു. ആണി കൊണ്ടതാണെന്ന് പറഞ്ഞ് കുട്ടിക്ക് വൈദ്യസഹായം വൈകിപ്പിക്കുകയായിരുന്നു. രക്ഷിതാവ് സ്ഥലത്തെത്തിയാണ് ഷഹ്ലയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പാമ്പ് കടിയേറ്റതായി സ്ഥിരീകരിക്കാനായില്ല. പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുട്ടിക്ക് എന്താണ് പറ്റിയതെന്ന് ആശുപത്രി അധികൃതര്‍ക്ക് കണ്ടെത്താനായില്ല. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുട്ടി പിന്നീട് ഛര്‍ദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. ഇവിടെ വെച്ചാണ് ഷഹ്ലയ്ക്ക് പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയത്. എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്.
Discussion about this post