പത്തനംതിട്ട: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയുടെ മണ്ഡലകാലത്ത് രക്ഷപ്പെടാമെന്ന മോഹവും പൊലിഞ്ഞു. സന്നിധാനത്തെ സംഘര്‍ഷങ്ങള്‍ കാരണം ഭക്തരുടെ എണ്ണം കുറഞ്ഞതും പോലീസ് നിയന്ത്രണങ്ങളും കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഭക്തരുടെ വന്‍ തിരക്കും നിലയ്ക്കല്‍-പമ്പാ യാത്രയുടെ കുത്തകാവകാശവുമെല്ലാം പ്രതീക്ഷയാക്കിയാണ് കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി പദ്ധതികള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ സംഘപരിവാര്‍ പ്രതിഷേധവും യുവതി പ്രവേശന വിവാദവും നഷ്ടമുണ്ടാക്കിയത് കെഎസ്ആര്‍ടിസിയ്ക്കു തന്നെയായിരുന്നു.
ശബരിമലയിലേക്കു തീര്‍ത്ഥാടകരുടെ വരവു കുറഞ്ഞതോടെ കനത്തനഷ്ടമാണ് കെഎസ്ആര്‍ടിസി നേരിടുന്നത്. പല സര്‍വീസുകള്‍ക്കും മതിയായ ആളുകളില്ല. ഒഴിഞ്ഞ ബസുകളാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകുന്നത്. ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ക്കും ആളില്ല. ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതോടെ നെടുമ്പാശേരിയില്‍ നിന്നും ചെങ്ങന്നൂരില്‍ നിന്നുമുള്ള സുഖ ദര്‍ശന പാക്കേജ് യാത്രയും പൊളിഞ്ഞു. ഇതോടെ ബസുകളേയും ജീവനക്കാരേയും നിലയ്ക്കലില്‍ നിന്ന് തിരിച്ചയച്ചു തുടങ്ങി. അവധിദിനങ്ങളില്‍ പോലും ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50 ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു. പോലീസ് നിയന്ത്രണങ്ങള്‍ കെഎസ്ആര്‍ടിസിയെ ബാധിച്ചെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരി പറഞ്ഞു. 310 കെഎസ്ആര്‍ടിസി ബസുകളാണു നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു ചെയിന്‍ സര്‍വീസ് നടത്തുന്നത്. പോലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ പമ്പയിലേക്കു ടിക്കറ്റ് എടുത്ത ഒരു ലക്ഷത്തോളം തീര്‍ത്ഥാടകരെ പ്രതിസന്ധിയിലാക്കി.
10 ഇലക്ട്രോണിക് ബസുകള്‍ നിലക്കല്‍ – പമ്പ റൂട്ടില്‍ സര്‍വീസ് നടത്തിയെങ്കിലും നഷ്ടം കണക്കിലെടുത്ത് ഇപ്പോള്‍ മൂന്നു ബസുകള്‍ ആണ് ഓടുന്നുള്ളു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു പമ്പയിലും നിലയ്ക്കലും വിശ്രമിക്കാനോ ഭക്ഷണത്തിനോ സൗകര്യങ്ങളില്ലെന്നും തച്ചങ്കരി വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാട്ടി ദേവസ്വം ബോര്‍ഡിനു കത്തു നല്‍കുകയും ചെയ്തു.ജീവനക്കാരുടെ എതിര്‍പ്പ് ശക്തമാകാതിരിക്കാന്‍ പരിമിത സാഹചര്യങ്ങളില്‍ ജീവനക്കാര്‍ക്കൊപ്പം തച്ചങ്കരിയും കഴിഞ്ഞ ദിവസം സജീവമായിരുന്നു. ഉണ്ടാകാനിടയുള്ള തിരക്ക് പരിഗണിച്ചാണ് തച്ചങ്കരി എത്തിയത്. എന്നാല്‍ ബസുകളില്‍ തിരക്കില്ലാത്തത് മാത്രമെ അദ്ദേഹത്തിന് കാണാനായുള്ളൂ.
Discussion about this post