കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ച് പണിയുന്നതിന് മുന്‍പ് ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മൂന്ന് മാസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പാലാരിവട്ടം പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനി ഭാരപരിശോധനയുടെ ചെലവ് മുഴുവന്‍ വഹിക്കണമെന്നും പരിശോധന നടത്താന്‍ ഏത് കമ്പനി വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. വിദഗ്ധ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാന്‍ തീരുമാനിച്ചതെന്നും ഭാരപരിശോധന നടത്താനാവാത്ത തരത്തില്‍ മേല്‍പ്പാലത്തില്‍ വിള്ളലുകളുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
പാലം പണിത് അധിക കാലത്തിന് മുന്‍പേ തന്നെ ഗതാഗതയോഗ്യമല്ലാതായി തീരുകയായിരുന്നു. പാലത്തില്‍ ഇ ശ്രീധരന് ഉള്‍പ്പടെയുള്ളവര്‍ പാലത്തില്‍ വിദഗ്ദ പരിശോധന നടത്തിയിരുന്നു. പാലം പൊളിച്ച് പണിയണമെന്ന് തന്നെയായിരുന്നു അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയുമെന്ന തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടത്.
Discussion about this post