ശാസ്താംകോട്ട: ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം കായലിനെ വീണ്ടും മലിനമാക്കാതിരിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം. കൊല്ലം ജില്ലയിലേക്കുള്ള ശുദ്ധജലവിതരണത്തിനായി പ്ലാന്റില്‍ രാസപദാര്‍ത്ഥങ്ങളടക്കം ഉപയോഗിച്ച ശേഷമുള്ള മലിനജലം തിരികെ അതേ കായലിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.
പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തയോഗം ചേരണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അതുപ്രകാരം വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം.
പ്രധാനമായും തടാകത്തിലേക്ക് മലിനജലം ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നതാണ് സുപ്രധാന നിര്‍ദ്ദേശം. ഒപ്പം ശാസ്താംകോട്ടയില്‍ നിന്നും കുടിവെള്ളമെടുക്കുന്നവര്‍ക്ക് പര്യാപ്തമായ ജല ലഭ്യതയും ഉറപ്പുവരുത്തണം.
മാലിന്യസംസ്‌ക്കരണത്തിനായുള്ള ടാങ്ക് നിര്‍മ്മാണത്തിന് കാലതാമസം ഉണ്ടാകുമെന്നാണ് ഹൈക്കോടതിയെ വാട്ടര്‍ അതോറിറ്റി ധരിപ്പിച്ചത്. നിലവില്‍ ഫില്‍റ്റര്‍ ഹൗസിലെ ജലം വീണ്ടും കായലിലേക്ക് തന്നെ തിരികെ വിടുകയാണ്. ഇതിനെതിരെ ശാസ്താംകോട്ടയിലെ വാര്‍ഡ് മെംബര്‍ എസ്.ദിലീപ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.