വീട്ടില്‍ ഉള്ളത് റോയല്‍ എന്‍ഫീല്‍ഡ് ഉള്‍പ്പടെ അഞ്ച് ബൈക്കുകളും കാറുകളും; പിന്നെയും ആഢംബര ബൈക്ക് വേണമെന്ന് വാശിപിടിച്ച് കൗമാരക്കാരന്‍, നിരസിച്ചതോടെ ജീവനൊടുക്കി

തമ്പാനൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അഖിലേഷ്

തിരുവനന്തപുരം: സൂപ്പര്‍ ബൈക്ക് വാങ്ങി നല്‍കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതില്‍ മനംനൊന്ത് കൗമാരക്കാരന്‍ ജീവനൊടുക്കി. പോത്തന്‍കോട് കാട്ടായിക്കൊണത്ത് വാടകയ്ക്ക് താമസിക്കുന്ന അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജിയാണ് ജീവനൊടുക്കിയത്.

തമ്പാനൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അഖിലേഷ്. കിടപ്പു മുറിയിലാണ് അഖിലേഷ് തൂങ്ങിമരിച്ചത്. വിലകൂടിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഉള്‍പ്പെട അഞ്ച് ബൈക്കുകളും കാറും ഇവര്‍ക്ക് സ്വന്തമായുണ്ട്. ഇതു കൂടാതെ 14 ലക്ഷം രൂപ വില വരുന്ന ഹാര്‍ലി ഡേവിസന്‍ ബൈക്ക് വേണമെന്നായിരുന്നു അഖിലേഷിന്റെ ആവശ്യം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബൈക്ക് വാങ്ങിതരാന്‍ കഴിയില്ലെന്ന് പിതാവ് പറയുകയായിരുന്നു.

ഒരു വര്‍ഷത്തിനുശേഷം ഇത് വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഇതേച്ചൊല്ലി വീട്ടില്‍ അഖിലേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതില്‍ മനംനൊന്താണ് അഖിലേഷ് ജീവനൊടുക്കിയത്. കുട്ടിക്കാലം മുതല്‍ക്കേ ബൈക്കുകളോട് വലിയ ഇഷ്ടം പുലര്‍ത്തിയിരുന്നയാളായിരുന്നു അഖിലേഷ്. ഇതിനോടകം ആറ് ബൈക്കുകള്‍ സ്വന്തമായി ഉണ്ടായിരുന്നു. ഇതില്‍ രണ്ടെണ്ണം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ആയിരുന്നു. ഇതുകൂടാതെ ഒരു ബൈക്കും രണ്ട് സ്‌കൂട്ടറുകളും അഖിലേഷിന് സ്വന്തമായി ഉണ്ടായിരുന്നു.

Exit mobile version