തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ് വന്നിരിക്കുകയാണ്. നാല് വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്നാണ് പുതിയ ഉത്തരവ്. ഡിസംബര്‍ 1 മുതല്‍ കേരളത്തില്‍ നിയമം നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. അതേസമയം,പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എന്നാല്‍ പുതിയ മോട്ടോര്‍വാഹന നിയമം നിലവില്‍ വരുമ്പോള്‍ പ്രധാനമായും ജനങ്ങള്‍ക്ക് നേരിട്ട് ബാധിക്കുന്നതാണ് ഹെല്‍മെറ്റ് പരിഷ്കാരം. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന നിയമം ഡിസംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയും ചെയ്തതോടെ ബൈക്കില്‍ ലിഫ്റ്റ് ചോദിക്കുന്നവര്‍ക്കാണ് എട്ടിന്റെ പണി കിട്ടുക.
പിന്സീറ്റിലിരിക്കുന്നയാളെ ഹെല്‍മെറ്റില്ലാതെ പിടിക്കപ്പെട്ടാല്‍, ആ യാത്രക്കാരനോടാണ് പിഴയൊടുക്കാന്‍ പറയുക. എന്നാല്‍ അയാള്‍ പിഴയടക്കാന്‍ തയ്യാറായില്ലെങ്കില്‍ ബൈക്ക് ഓടിച്ച ആളില്‍ നിന്നും പിഴയീടാക്കും. ബൈക്ക് യാത്രികനും അതിന് തയ്യാറായില്ലെങ്കില്‍ ബൈക്ക് ഉടമയില്‍ നിന്ന് പിഴയീടാക്കാനാണ് വ്യവസ്ഥ. ആയിരം രൂപയാണ് ഹെല്‍മെറ്റില്ലാത്തതിന് പിഴ.
സാധാരണഗതിയില്‍ ബൈക്ക് യാത്രികര്‍ ലിഫ്റ്റ് കൊടുക്കുന്ന പതിവുണ്ട്. എന്നാല്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇനി സഹായം ചെയ്യാനാകൂ. പിഴത്തുക വര്‍ധിപ്പിച്ചതോടെ സൗഹൃദത്തിന്റെ പേരില്‍ പോലും ലിഫ്റ്റ് പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം.
Discussion about this post