സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിയിലെ ചുമരിനുള്ളിലെ പൊത്തില്‍ നിന്നും പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളായ ഷഹ്ല ഷെറിന്‍ (10) ആണ് മരിച്ചത്. ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഹ്ല ഷെറിന്‍.
ബുധനാഴ്ച വൈകീട്ട് 3.30-ഓടെയാണ് സംഭവം. ക്ലാസ് മുറിക്കുള്ളിലെ ചുമരിനോടുചേര്‍ന്ന ചെറിയപൊത്തില്‍ നിന്നാണ് കുട്ടിയെ പാമ്പുകടിച്ചത്. കാല്‍പാദത്തില്‍ ചെറിയ രണ്ട് മുറിവ് കണ്ട ഷഹ്ല ഉടന്‍ തന്നെ അധ്യാപകന്റെ അടുത്തെത്തി വിവരം പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുട്ടിയുടെ രക്ഷിതാവ് ഷഹ്ലയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ പാമ്പ് കടിയേറ്റതായി സ്ഥിരീകരിക്കാനായില്ല. പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുട്ടിക്ക് എന്താണ് പറ്റിയതെന്ന് ആശുപത്രി അധികൃതര്‍ക്ക് കണ്ടെത്താനായില്ല. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുട്ടി പിന്നീട് ഛര്‍ദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. ഇവിടെ വെച്ചാണ് ഷഹ്ലയ്ക്ക് പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയത്.എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്.
Discussion about this post