തിരുവനന്തപുരം: ആധുനിക രീതിയില്‍ ഫ്‌ളോറിങ് നടത്തിയതും കോണ്‍ക്രീറ്റ് ചെയ്തതുമായ വീടുള്ളവര്‍ക്ക് ഇനി മുതല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹതയുണ്ടാവില്ല. കൂടാതെ കുടുംബത്തില്‍ എസി കാറുള്ളവരെയും അനര്‍ഹരായി കണക്കാക്കും. അനര്‍ഹര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതു തടയാനുള്ള നടപടികളുടെ ഭാഗമായാണിത്.
ആയിരം സിസിയില്‍ കൂടുതല്‍ ശേഷിയുള്ള കാറുള്ളവരെയാണ് ക്ഷേമപെന്‍ഷന് അനര്‍ഹരായി കണക്കാക്കുക. കൂടാതെ രണ്ടായിരം ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളതും ആധുനിക രീതിയില്‍ ഫ്‌ളോറിങ് നടത്തിയതും കോണ്‍ക്രീറ്റ് ചെയ്തതുമായ വീടുള്ളവരെയും അനര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും.
അര്‍ഹതയില്ലാത്ത ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നത് തടയാണ് പുതിയ നടപടി. ഇത് സംബന്ധിച്ചാണ് അപേക്ഷകരുടെ ഭൗതിക സാഹചര്യം വിലയിരുത്താന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ ജൂലായില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയെങ്കിലും അത് സര്‍ക്കാര്‍ തടഞ്ഞിരുന്നു.
വീട്ടില്‍ വാഷിങ് മെഷീനുള്ളവര്‍ക്കും എല്‍ഇഡി ടെലിവിഷന്‍ ഉള്ളവര്‍ക്കും ക്ഷേമപെന്‍ഷന് അര്‍ഹതയുണ്ടാവില്ലെന്ന സര്‍ക്കുലര്‍ വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് തടഞ്ഞത്. ഇതോടെ വീട്ടില്‍ വാഷിങ് മെഷീനും എല്‍ഇഡി ടെലിവിഷനും ഉള്ളവര്‍ ഇനി ക്ഷേമപെന്‍ഷന്‍ അര്‍ഹരായിരിക്കും.
പുതിയ മാര്‍ഗ നിര്‍ദേശപ്രകാരം താമസിക്കുന്ന വീട്ടില്‍ എസിയുള്ളവര്‍ ക്ഷേമ പെന്‍ഷന് അനര്‍ഹരാവും. എന്നാല്‍ കുടുംബവാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ വിവാഹിതരായ മക്കളുടെ വരുമാനം ഉള്‍പ്പെടുത്തില്ല. വര്‍ഷത്തില്‍ 7760 കോടിരൂപ ചെലവിട്ടാണ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ ഇത് കൈപറ്റുന്നതില്‍ ഒട്ടേറെ പേരും അനര്‍ഹരാണ്.
ഒരു പഞ്ചായത്തില്‍ മാത്രം 15 ശതമാനത്തോളം അനര്‍ഹര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുവെന്ന് ധനവകുപ്പിന്റെ സര്‍വേ ഫലം. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 46.9 ലക്ഷം പേരില്‍ എത്ര അനര്‍ഹരുണ്ടാവുമെന്നാണ് ധനവകുപ്പ് പരിശോധിക്കുന്നത്.