തിരുവനന്തപുരം: ഹെല്‍മറ്റിന്റെ പേരില്‍ പ്രാകൃതമായ വേട്ടയാടലുകള്‍ ഇനി ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. മെച്ചപ്പെട്ട ക്യാമറകള്‍ സ്ഥാപിച്ചാവും ഇനിയങ്ങോട്ട് പരിശോധന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ഹെല്‍മറ്റ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഹെല്‍മറ്റ് പരിശോധനയ്ക്കായി ഒരു ജില്ലയില്‍ നൂറ് ക്യാമറകളെങ്കിലും സ്ഥാപിക്കും. ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കേണ്ടത് സംബന്ധിച്ച് ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രികരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി ഇന്ന് നിര്‍ദേശിച്ചിരുന്നു. ട്രാഫിക് നിയമലംഘകരെ പിടിക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടികൂടരുത്. റോഡിലേക്ക് കയറിനിന്ന് ഗതാഗതം തടയുന്ന സമ്പ്രാദായം ഒഴിവാക്കണം. ട്രാഫിക് നിയമ ലംഘനങ്ങള്‍ തടയാനായി നൂതന മാര്‍ഗങ്ങള്‍ ഉണ്ട്. ക്യാമറകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനും ഇവരില്‍ നിന്ന് പിഴ ഈടാക്കാനും കഴിയും. ഇത് സംബന്ധിച്ച് 2002ലെ ഡിജിപി സര്‍ക്കുലര്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മലപ്പുറം രണ്ടാത്താണി സ്വദേശിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. മലപ്പുറം രണ്ടാത്താണി സ്വദേശി ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യവേ പോലീസ് കൈകാണിച്ചിരുന്നു. എന്നാല്‍ വണ്ടി നിര്‍ത്താകെ പോയ യുവാവിന്റെ വാഹനം മറ്റൊരു വാഹനത്തിലിടിച്ച് വലിയ അപകടം സംഭവിച്ചിരുന്നു. ഇതേതുടര്‍ന്ന് രണ്ടത്താണി സ്വദേശി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം
Discussion about this post