ശബരിമലയില്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തിനായി പ്രത്യേക നിയമം കൊണ്ടുവരാന്‍ ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ശബരിമല ക്ഷേത്ര ഭരണം സംബന്ധിച്ച പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിര്‍ദേശം.

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി നിലനില്‍ക്കുന്നു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് ജസ്റ്റിസ് ബി രാമകൃഷ്ണ ഗവായി വ്യക്തമാക്കി. കോടതി നിരീക്ഷണം സര്‍ക്കാരിനെ വീണ്ടും ആശയക്കുഴപ്പത്തിലാക്കുന്നതാണ്.

പ്രതിവര്‍ഷം 50 ലക്ഷം തീര്‍ഥാടകര്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രമല്ലേ ശബരിമല എന്ന് കോടതി ചോദിച്ചു. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുത്. ഒരു ദേവസ്വം കമ്മീഷണര്‍ എങ്ങനെ ഇത്രയും ക്ഷേത്രങ്ങള്‍ ഒന്നിച്ച് കൈകാര്യം ചെയ്യും എന്നു കോടതി ചോദിച്ചു.

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഭരണ നിര്‍വഹണത്തിന് ബില്‍ തയ്യാര്‍ ആണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടു മാസം സമയം അനുവദിച്ചാല്‍ ബില്‍ നിയമം ആക്കാം. സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് കൈമാറിയ നിയമത്തിന്റെ കരടില്‍ വനിതകള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഭരണ സമിതിയില്‍ മൂന്നിലൊന്ന് സംവരണം ചെയ്തിട്ടുണ്ട്.

ശബരിമല വിഷയത്തില്‍ ഏഴംഗ ബെഞ്ച് യുവതികളെ പ്രവേശിപ്പിക്കരുതെന്ന നിലപാടിലെത്തുകയാണെങ്കില്‍ ഭരണസമിതിയിലെ വനിതകള്‍ക്ക് എങ്ങനെ ശബരിമലയിലെത്താന്‍ കഴിയുമെന്ന് ജസ്റ്റിസ് രമണ ചോദിച്ചു. അങ്ങനെ വന്നാല്‍ അമ്പതു വയസു കഴിഞ്ഞ സ്ത്രീകളെ മാത്രം ഭരണ സമിതിയില്‍ നിലനിര്‍ത്തുമെന്നും സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് വിശാല കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്. കേസ് ജനുവരി മൂന്നാം ആഴ്ച വീണ്ടും പരിഗണിക്കും.

ശബരിമലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തതിനെയും ജസ്റ്റിസ് രമണ വിമര്‍ശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ കൈമാറിയ കരട് നിയമത്തില്‍ ബോര്‍ഡ് ഭരണസമിതിയിലേക്ക് വനിതകളെ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥയെയും ജസ്റ്റിസ് രമണ വിമര്‍ശിച്ചു.

ഏഴംഗ ബെഞ്ച് മറിച്ചൊരു തീരുമാനമെടുത്താല്‍ വനിതകള്‍ക്ക് എങ്ങനെ ശബരിമലയില്‍ പ്രവേശിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയ്ക്കായി പ്രത്യേക നിയമം നിര്‍മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നുവെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് കൈമാറിയ നിയമത്തിന്റെ കരടില്‍ വനിതകള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഭരണ സമിതിയില്‍ മൂന്നിലൊന്ന് സംവരണം ചെയ്തിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ കൈമാറിയ പുതിയ നിയമത്തിനെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനുണ്ടെന്നും അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയോട് ഹാജരാകണമെന്നും ജസ്റ്റിസ് രമണ നിര്‍ദ്ദേശിച്ചു.

Exit mobile version