തിരുവനന്തപുരം: കെഎസ്യു മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിചാര്‍ജില്‍ പ്രക്ഷുബ്ധമായി നിയമസഭ. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുകയും ചെയ്തു. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ചേംബറില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തു.
ചൊവ്വാഴ്ച കെഎസ്യു നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് തുടങ്ങിയവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് നിയമസഭ പ്രക്ഷ്ധമായത്. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. അന്വേഷണം നടത്തി ഉചിതമായ നടപടിയിലേക്ക് പോകാമെന്ന് മന്ത്രി ഇപി ജയരാജന് മറുപടി നല്കി.
എന്നാല്‍ ഇത് ആശ്വാസമല്ലെന്നും ഉത്തരവാദികളായ പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള അന്വേഷണം മാത്രമേ അംഗീകരിക്കൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതിനു പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലക്കാഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കര്‍ സഭാ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന് എന്നിവര്‍ സ്പീക്കറുടെ ഡയസില്‍ പ്ലക്കാഡുമായി കയറി മുദ്രാവാക്യം മുഴക്കുകയായിരുന്നു.
ഇവരെ പിന്തിരിപ്പിക്കാനായി കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രനും പെരുമ്പാവൂര്‍ എംഎല്‍എ.എല്‍ദോസ് കുന്നപ്പള്ളിയും സ്പീക്കറുടെ ഡയസിലേക്ക് എത്തി. ഇതോടെ സ്പീക്കര്‍ ഡയസില്‍ നിന്ന് തന്റെ ചേംബറിലേക്ക് എഴുന്നേറ്റു പോവുകയായിരുന്നു.
Discussion about this post