തിരുവനന്തപുരം: കെഎസ്യു നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുളളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളണുമെന്നും മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നുമാണ് ആവശ്യം. ഇതിന് മുന്നോടിയായി കെഎസ്യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാല മോഡറേഷന് തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരുക്കേറ്റത്. ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് സംഘര്ഷത്തിലേക്കി തിരിഞ്ഞതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.
സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പോലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
ഇതിനിടെ സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് വന്നു. സര്‍വ്വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുന്ന സമീപനമുണ്ടാകരുതെന്ന് വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
മന്ത്രി കെടി ജലീല്‍ ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ചില സര്‍വ്വകലാശാലകള്‍ സമൂഹത്തിന് മുന്നില്‍ അപഹാസ്യരായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ തല്ലിച്ചതച്ച സംഭവത്തിനും മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെഎസ്യു മാര്‍ച്ച് നടത്തിയത്. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍. പോലീസ് ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിയമസഭാ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
Discussion about this post