തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് നാനൂറോളം യുവതികള്‍. എന്നാല്‍ കേരളത്തില്‍ നിന്നും 50 വയസ്സില്‍ താഴെയുള്ള യുവതികള്‍ ആരും ബുക്ക് ചെയ്തിട്ടില്ലെന്നാണ് വിവരം. ആന്ധ്രാപ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ശബരിമല ദര്‍ശനത്തിനായി ഇരുനൂറോളം യുവതികളാണ് ആന്ധ്രപ്രദേശില്‍ നിന്നും ബുക്ക് ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് നൂറ്റി എണ്‍പതോളം പേരും. തെലങ്കാന, ഒഡിഷ, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള ഏതാനും സംഘങ്ങള്‍ക്കൊപ്പം യുവതികളുണ്ടെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ചൊവ്വാഴ്ച വരെ രജിസ്റ്റര്‍ ചെയ്ത യുവതികളുടെ കണക്കാണിത്.
ശബരിമല ദര്‍ശനത്തിനായി യുവതികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും യുവതികളെ ദര്‍ശനത്തിന് അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനാല്‍ ഇവിടേക്ക് എത്തുന്ന യുവതികളെ തിരിച്ചയയ്ക്കും. കേരളത്തില്‍ നിന്നും 50 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ ആരും ശബരിമല ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടില്ലെന്നാണ് വിവരം.
ഇതര സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍നിന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം സുഗമമാക്കാനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ച് ഇതുവരെ 9.6 ലക്ഷം പേരാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. ഇത്തവണ തമിഴ്‌നാട്ടില്‍നിന്നാണ് ഏറ്റവുമധികം ബുക്കിങ്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നതിനെക്കാള്‍ മൂന്നോ നാലോ ഇരട്ടി ഭക്തര്‍ ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.