ആലപ്പുഴ: ചികിത്സാസഹായ ധനശേഖരണത്തിന് എത്തിയവര്‍ക്ക് സ്വര്‍ണ്ണമാല ഊരി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ഥിനി. പൂങ്കാവ് വടക്കേ പറമ്പില്‍ കയര്‍ തൊഴിലാളി പൈലോ ജോസഫിന്റെയും തയ്യല്‍ തൊഴിലാളി ജൂലിയുടെയും മകള്‍ അലീനയാണ് കാരുണ്യത്തിന്റെ മാതൃകയായത്. ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.
കല്‍പ്പണിക്കാരനായ പൂങ്കാവ് പാടത്ത് വലിയവീട് ഷിബുവിന്റെ (43) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചികിത്സയുടെ ധനശേഖരണാര്‍ഥം എത്തിയവര്‍ക്കാണ് അലീന മാല നല്‍കിയത്. ജനകീയ കമ്മിറ്റി പ്രവര്‍ത്തകര്‍ അലീനയുടെ വീട്ടില്‍ പിരിവിനെത്തിയപ്പോഴാണ് മാല നല്‍കിയത്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് അലീന മാല നല്‍കിയത്. മാല വിറ്റ് ലഭിച്ച 17000 രൂപയും പിന്നീട് ഫണ്ടിലേക്ക് വകയിരുത്തി.
ഒരു വര്‍ഷത്തോളമായി നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന മാല കഴിഞ്ഞയാഴ്ചയാണ് അലമാരയില്‍ പേപ്പറുകള്‍ക്കിടയില്‍ നിന്നു കിട്ടിയത്. ഷിബുവിന്റെ അയല്‍ക്കാരാണ് അലീനയുടെ കുടുംബം. 2 മണിക്കൂറില്‍ 9,63,298 രൂപയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ സമാഹരിച്ചത്. തുക ഉടന്‍ തന്നെ ഷിബുവിന്റെ കുടുംബത്തിന് കൈമാറുമെന്ന് സഹായ സമിതി ചെയര്‍മാന്‍ എന്‍.പി.സ്‌നേഹജന്‍, വൈസ് ചെയര്‍മാന്‍ സിനിമോള്‍ ജോജി കണ്‍വീനര്‍ ജയന്‍ തോമസ് എന്നിവര്‍ പറഞ്ഞു. ചടങ്ങില്‍ അലീനയേയും ആദരിക്കും.