തിരുവനന്തപുരം: ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍ പെട്ടതിന് പിന്നാലെ തിരുവനന്തപുരത്തെ പോലീസ് ഉദ്യോഗസ്ഥരെ ശകാരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്കി.
മൂന്ന് എസിപിമാരടക്കം ആറ് ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ഡിജിപി ശകാരിച്ചത്. എന്നാല്‍ ഗതാഗത കുരുക്കിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
ഗവര്‍ണറുടെ യാത്രക്കായി ഇന്നലെ വൈകിട്ട് വിമാനത്താവളത്തിലേക്കുള്ള റോഡിലും ചാക്ക -കഴക്കൂട്ടം പാതയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് നഗരത്തില്‍ വലിയ ഗതാഗതകുരുക്കിനും കാരണമായി. ഇതിന് പിന്നാലെ രാത്രി എട്ട് മണിയോടെ തലസ്ഥാനത്തെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും സിഐമാര്‍ക്കും കണ്ട്രോള് റൂമിന്റെ ചുമതലയുള്ള എസിപിയ്ക്കും സിഐയ്ക്കും ഡിജിപിയുടെ ഓഫീസില്‍ നിന്ന് വിളിയെത്തി.
പോലീസ് ആസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥരെ ഡിജിപി രൂക്ഷമായി ശകാരിച്ചു. മുക്കാല്‍ മണിക്കൂറോളം നീണ്ട ശകാരത്തിനൊടുവില്‍ ഡിജിപി പോയെങ്കിലും ഉദ്യോഗസ്ഥരോട് ഓഫീസില്‍ തുടരാന്‍ നിര്‍ദേശിച്ചു. പിന്നീട് കമ്മീഷണര്‍ എംആര്‍ അജിത് കുമാര്‍ സ്ഥലത്തെത്തി. നോര്‍ത്ത് ട്രാഫിക് എസിപിയ്ക്കും സിഐയ്ക്കും മെമ്മോയും നല്കിയ ശേഷമാണ് വിഷയം അവസാനിച്ചത്.
അതേസമയം, ടെക്നോപാര്‍ക്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡിജിപിയുടെ ഭാര്യയും ഇന്നലെ ഗതാഗതക്കുരുക്കില്‍പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഡിജിപിയുടെ നടപടിയെന്ന് സൂചനയുണ്ട്. എന്നാല്‍ ശകാരത്തിലെവിടെയും ഭാര്യ ട്രാഫിക് ബ്ലോക്കില്‍ പെട്ട കാര്യം ഡിജിപി ഉന്നയിച്ചില്ല. ഗതാഗത പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്നായിരുന്നു ആരോപണം.
Discussion about this post